18 February 2009

പ്രവാസത്തിന്റെ മറുവില


നമ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ്.മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.


എന്തു മണ്ണ്? ....ഉത്തരം, ഉടനടി വന്നു!!!


മനുഷ്യന്‍ ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!. മക്കളെ സായിപ്പാക്കുകയാണോ?‍


അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???


you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലെക്ക് തെന്നി നീങ്ങി,


ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു....'സര്‍ മലയാളത്തില്‍ പറഞ്ഞാല്‍ കോള്ളാമായിരുന്നു, എനിക്കെഴുതിയെടുക്കാന്‍ എളുപ്പം ആയിരുന്നു,!! എന്റെ മുറവിളി.


പലരും അങ്ങിനെയാണ്,ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ...കൂടെ മറുന്നു പോകാതിരിക്കാന്‍ മലയാളം വീട്ടുകാരിയോട് മക്കള്‍ സംസാരിക്കറുണ്ട്.എന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം.ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.



ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് "നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ " !!!


അപ്പൊ...... ചൈനക്കരനും ഫ്രഞ്ച്ചു കാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?


അതു ശരി തന്നെ??പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം,അമേരിക്കയില്‍ കൂടുതല്‍ പേരും ഇംഗ്ലീഷ് അല്ല സംസാരിക്കുന്നത്,സ്പാനിഷ് ആണ്.എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പിന്നോട്ട് പോകുന്നു. പലപ്പോഴും അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഉം...

റഷ്യക്കാരും അത് പോലെ തന്നെ,ഫ്രഞ്ചുകാരും,ഫ്രാന്‍സിലുള്ളവര്‍ക്ക് ഇംഗ്ലീഷിനോട് ഭയങ്കര വിരോധമാണെന്ന് കേട്ടിട്ടുണ്ട്,എന്ത് പറയാന്‍ !!!‍...


പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്തമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല'.,പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം.


ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!! . മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു. പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്‌വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്.


ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്‍കാന്‍ കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, സ്റ്റൊപ്പ് പ്ലീസ്, കാബ് പ്ലീസ്സ് എന്നും മറ്റും, "പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്ന്", ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര്‍ എങ്ങനെ പറയും.



എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് ഭാഷ. മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.ഇതിന്റെ അവസാനം,ഇത്രകണ്ട് കൊടുക്കുന്ന മറുവിലയുടെ നമ്മുടെ മലയാളത്തിനു നല്‍കെണ്ടി വരുന്നു.



പണ്ട് തകഴിയുടെയും കുമാരനാശാന്റെയും എഴുത്തച്ഛന്റെയും കാലം കഴിയുമ്പോള്‍ മലയാളം തീര്‍ന്നു പോകും എന്നു പറഞ്ഞവര്‍ ഇന്ന് നണിച്ചു മരിച്ചു. ഇനി ഓ.എന്‍ വി, ബാലചന്ദ്രന്‍ ചുള്ളികാടിന്റെയും, മാധവിക്കുട്ടിയുടെയും മറ്റും കാലം കഴിഞ്ഞാല്‍ ആരുമില്ല എന്നു പറയുന്നവര്‍ മലയാളം ബ്ലൊഗിലൂടെയും ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും എഴുതിക്കൂട്ടുന്ന മലയാളം ധാരാളമാണ്.ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നു മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നു മലയാളമായിത്തന്നെ അവശേഷിക്കും

44 comments:

Sapna Anu B.George said...

എഴുത്ത് എത്ര കണ്ട് ശരിയായി എന്നറിയില്ല...മനസ്സില്‍ തോന്നിയ ഒരു സങ്കടം എഴുതിപ്പിടുപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ പ്രസക്തമായ ഒരു വിഷയമാണ്.ഭാഷ എന്നത് സംസ്കാരമാണ്.മുല്ലപ്പൂക്കളെ കോർത്തിണക്കുന്ന വള്ളിയുടെ സ്ഥാനമാണു ഒരു സമൂഹത്തിൽ ഭാഷയ്ക്കുള്ളത്.തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്കു സംസ്കാരം കൈമാറുന്നത് ഭാഷയിലൂടെയാണ്.ഇംഗ്ഗ്ലീഷിനോടുള്ള അടിമത്തം നമുക്കു കൂടുതലാണ്.വികസിതമായ എത്രയോ രാജ്യങ്ങളിലെ ജനങ്ങൾ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കുന്നില്ല..അവർക്കാർക്കും ഒരു കുഴപ്പവുമില്ല.

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ..
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ” എന്നല്ലേ കവി വചനം?

നല്ല പോസ്റ്റ് സപ്നാ...!

പകല്‍കിനാവന്‍ | daYdreaMer said...

മലയാളം മരിക്കില്ല... ഒരിക്കലും.. ആശംസകള്‍...

Sapna Anu B.George said...

നന്ദി സുനില്‍...ഇംഗ്ലീഷ് ഭാഷക്കു കുഴപ്പമില്ല,നമ്മള്‍ ഇംഗ്ലീഷുകാരാവുന്നതാണ്,പ്രശ്നം. നന്ദി പകല്‍ക്കിനാവ്

Malayali Peringode said...

മലയാളം,
മലയാളിയുടെ ജീവതാളം....
ഇന്നത്തെ മല്ലുവത് മലയാലമാക്കി!
നാളെയിനി എന്താകുമോ എന്തോ!!

മലയാലം അരിയില്ല എന്നതൊരു ഫാഷനാണിന്ന്...
കഷ്ടം!
ഈ പൊങ്ങച്ച ശിരോമണികളുടെ കാര്യം!
അണ്ണാച്ചി എന്ന് അറപ്പോടുകൂടി നാം വിളിക്കുന്ന തമിഴനെ
കണ്ട് പഠിക്കാനൊത്തിരിയുണ്ട് നമുക്ക്...
തമിഴ് സിനിമക്ക് ഇംഗ്ലീഷില്‍ നാമകരണം ചെയ്യപ്പെട്ടാല്‍
നിയമസഭയില്‍ വരെ ചര്‍ച്ചയാകുന്നു, തിരുത്തുന്നു....

എത്ര വിദ്യാസമ്പന്നനാണേലും അവര്‍ പരസ്പരം കണ്ടു മുട്ടിയാല്‍ ശുദ്ധതമിഴില്‍ സംസാരിക്കുന്നു...

നമ്മുടെ മക്കളെ പറഞ്ഞിട്ടും കാര്യമില്ല.
അവര്‍ കാണുന്നുണ്ടോ പുഴയും കാടും കാട്ടരുവികളും....?
അവര്‍ ഒരു മഴയാസ്വദിക്കുന്നുണ്ടോ?
വയലും, തോടും അവര്‍ കാണുന്നുണ്ടോ?

സ്കൂളില്‍ സംസാരിച്ചാല്‍ ‘ഫൈന്‍’ കൊടുക്കേണ്ടി വരുന്ന ഒരു ഭാഷയല്ലാതെ മറ്റെന്തറിയാം മലയാളത്തെ പറ്റി നമ്മുടെ മക്കള്‍ക്ക്?!

ഇനി നമുക്ക് തിരിച്ചു നടക്കാം
മലയാളത്തനിമയിലേക്ക്....
അന്ത്യശ്വാസം വലിക്കുന്ന ഒരു ഭാഷയെ രക്ഷിക്കാന്‍....

മരിക്കില്ലൊരിക്കലും...
എന്റെ മലയാളം
മരിക്കില്ലൊരിക്കലും
നമ്മുടെ മലയാളം.

ഞാന്‍ ഇരിങ്ങല്‍ said...

എഴുത്തിലെ പോസറ്റീവ് ചിന്താഗതിയെ പൂര്‍ണ്ണമായും മാനിക്കുന്നു. അഭിനന്ദനങ്ങള്‍.
മലയാളം മരിക്കുന്നു എന്നുള്ളത് ഒരു ക്ലീഷേ ആയി മാറിയിരിക്കുകയാണ്. സത്യത്തില്‍ ഇന്ന് അങ്ങിനെയൊന്ന് ഇല്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് മലയാളം ബ്ലോഗിങ്ങ് അതു പോലെ പ്രവാസികള്‍ ജീവിക്കുന്ന് എല്ലായിടത്തും മലയാളം മന:പൂര്‍വ്വം കുട്ടികളെ പഠിപ്പിക്കുന്ന കാഴ്ച സന്തോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍
കേരളത്തില്‍ മലയാളം മരിക്കുന്നു. എന്ന് പറഞ്ഞാല്‍ അത് ഒരു പരിധിവരെ സമ്മതിക്കാം.

കേരളത്തില്‍ മലയാളം വായനയും എഴുത്തും ഒക്കെ മരിച്ചു കൊണ്ടിരിക്കുന്നു എന്ന വാദത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

സ്നേഹപുര്‍വ്വം
ഇരിങ്ങല്‍

Sapna Anu B.George said...

എന്റെ മലായാളി,ഇവിടെ വന്നു വായിച്ചതിനു നന്ദി,സ്കൂളില്‍ മലയാളം സംസാരിക്കുന്നതിനു ഫൈന്‍ കൊടുപ്പിക്കുന്നത്,മലയാളീയുടെ അധികാരത്തിലുള്ള സ്കൂളുകളാണ്.
ഇവിടെ,ഒരു മലയാളം മീഡിയം സ്കൂള്‍ തുടങ്ങാന്‍ ഏതെങ്കിലും മലയാളി ധൈര്യപ്പെടൂമോ??ഇല്ല,
സായിപ്പിന്റെ സ്റ്റൈല്‍ ഊരിപ്പോകില്ലെ?
ഇരിങ്ങല്‍....ബ്ലൊഗില്‍ത്തന്നെയും നിര്‍ത്തിയാല്‍പോര,ഇവിടെ ഇതോക്കെ സംഭവിക്കുന്നു എന്ന്, നാട്ടിലുള്ള കമ്പ്യൂട്ടറില്ലാത്ത ഒരു മലയാളിക്കും അറിയില്ല...ഇംഗ്ലീഷില്‍ 19 കാരിയുടെ‘കിടിലന്‍’ സാഹിത്യം വരുമ്പോള്‍ മാത്രം ബ്ലൊഗ് വായിക്കുന്ന മലയാളി!!!! ആ ചിന്താഗതി മാറാന്‍ ഇവിടെ ആരും നല്ല‘കലക്കന്‍ മലയാളചിന്തകള്‍‘ എഴുതുന്നില്ലല്ലോ????.ഇനിയും പുനര്‍ജനിക്കും എന്ന പ്രതീക്ഷയോടെ!

ഞാന്‍ ഇരിങ്ങല്‍ said...

അതു കൊണ്ടാണ് പ്രവാസ സാഹിത്യം വെറും നൊസ്റ്റാള്‍ജിക് ചിന്തകളാണെന്ന് ധാരണ പരന്നത്. എന്നാല്‍ ഇന്ന് അതിന് ഒട്ടനവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
നമ്മള്‍ ജിവിച്ചിരിക്കുനന്‍ ചുറ്റുപാടുകളെ തിരിച്ചറിയാനായിരിക്കണം ഭാഷ. അല്ലാതെ
മലയാളം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിരിക്കാനാവരത് ഭാഷ എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു.

പാമ്പിനെ തിന്നുന്ന നാറ്ട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് പറയും പോലെ അറബ് നാട്ടില്‍ താമസിക്കുന്ന ഞാനും താങ്കളും അറബ് ഭാഷ പഠിച്ചോ?

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sapna Anu B.George said...

അറബ് നാട്ടില്‍ താമസിക്കുന്ന ഞാനും താങ്കളും അറബ് ഭാഷ പഠിക്കണ്ട....അവര്‍ക്ക് എന്നെക്കൊണ്ടാണാവശ്യം,അവന്‍ എന്റെ ഭാഷ പഠിക്കട്ടെ??

ഞാന്‍ ഇരിങ്ങല്‍ said...

പ്രവാസികളൊക്കെ അറബിക്കാരെ സഹായിക്കാന്‍ വന്നിരിക്കുകയാണ്. അതു കൊണ്ട് അറബിക്കാരന്‍ മലയാളം പഠിക്കട്ടേ...

ഗൗരി നന്ദന said...

സപ്നേച്ചീ..കാലിക പ്രസക്തിയുള്ള ചിന്ത.

ഒന്നു സത്യമാണ് കേരളത്തില്‍ മലയാളം മരിക്കുന്നു. വ്യക്തമായും സ്ഫുടമായും മലയാളം പറയാനറിയാത്ത അവതാരികമാരും അവരെ കണ്ണടച്ച് അനുകരിക്കുന്ന ചില നെസ്ലെ കുഞ്ഞുങ്ങളും.

ബ്ലോഗുകള്‍ തന്നെ നോക്കിയാലറിയാം പ്രവാസികള്‍ മലയാളത്തെ എത്ര കണ്ടു സ്നേഹിക്കുന്നു എന്ന്...

വളരെ നന്ദി......

Sapna Anu B.George said...

നന്ദി ഗൌരി നന്ദന.......സത്യം സത്യം സത്യം

mayilppeeli said...

നമ്മള്‍ ഏതു രാജ്യത്തു പോയാലും നമ്മുടെ അമ്മയെ മറക്കുമോ...........അതുപോലെയല്ലേ നമ്മുടെ മാതൃഭാഷയും.....

മറുനാടന്‍ മലയാളികള്‍ക്കുണ്ടാവുന്ന ഒരു വലിയ പ്രശ്നമാണ്‌ ചേച്ചിയിവിടെ എഴുതിയത്‌.......മലയാളത്തെ മന:പ്പൂര്‍വ്വം ഒഴിവാക്കി ഇംഗ്ലീഷും ഹിന്ദിയും മാത്രം സംസാരിയ്ക്കുന്ന ഒരുപാടു മലയാളികളുമുണ്ട്‌......മലയാളം സംസാരിയ്ക്കുന്നതു വലിയ നാണക്കേടായിട്ടാണ്‌ അവരുടെ പെരുമാറ്റത്തില്‍ നിന്നു തോന്നുന്നത്‌......

എവിടെയായാലും നമുക്ക്‌ നമ്മുടെ അമ്മയെ, നാടിനെ, ഭാഷയെ ഒന്നും മറക്കാതിരിയ്ക്കാം......

ഒത്തിരി ഇഷ്ടായീ ചേച്ചിയുടെ ഈ പോസ്റ്റ്‌.......

Sapna Anu B.George said...

മലയാളം പറയാത്തതിന്റെ കാരണം പറഞ്ഞുകൊണ്ട് ആധികാരികതയോടെ ഉടനെതന്നെ ആരെങ്കിലും വരും, മയില്‍പ്പീലി,നമുക്ക് നോക്കിയിരുന്നു കാണാം. അഭിപ്രായത്തിനു നന്ദി

Kaithamullu said...

പ്രവാസത്തിന്റെ മാത്രം കുറ്റമെന്നാ ഞാനും വിചാരിച്ചിരുന്നത്.

നാട്ടിലെ‍ കസിന്റെ വീട്ടില്‍ പോയപ്പോ അവിടെ വിലസുന്നൂ ഒരു സായിപ്പും ഒരു മദാമ്മയും കുറെ ‘വൈറ്റ് ലഗൊണ്‍സും’!

Sapna Anu B.George said...

കൈതമുള്ള്....പ്രവാസികള്‍ ആണ് മലയാളത്തെ സ്നേഹിക്കുന്നു,, നാട്ടില്‍ ആണ് സായിപ്പുമാര്‍ കൂടുതല്‍

മഴത്തുള്ളി said...

സപ്ന, വളരെ നന്നായിരിക്കുന്നു ഈ ലേഖനം.

മലയാളികള്‍ എവിടെ ചെന്നാലും സ്വന്തം മണ്ണും ഭാഷയും മറക്കാതിരിക്കട്ടെ.

മലയാളത്തില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും മറ്റും ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു ഇപ്പോള്‍. അതിനാല്‍ മലയാള മണ്ണിനോട് ഇഷ്ടമുള്ള ആരും മലയാളവും മറക്കുമെന്ന് തോന്നുന്നില്ല.

ഇനിയും എഴുതുമല്ലോ. ആശംസകള്‍.

paarppidam said...

പ്രമുഖമായ്‌ ഒരു ഫ്രഞ്ചു കമ്പനിയിൽ ഞാൻ ജോലിച്യ്തപ്പോൾ അവിടെ വരാറുള്ള ഉന്നതരായ പലർക്കും ഫഞ്ചും സ്പ്നാനിഷും അല്ലാതെ ഇംഗ്ലീഷ്‌ അറിയില്ലായിരുന്നു. പക്ഷെ അവർക്ക്‌ അവിടെ ഈ രണ്ടുഭാഷയുണ്ടേൽ സാമാന്യം കാര്യങ്ങൾ ചെയ്യുവാൻ കഴിയും.എന്നാൽ മലയാളിയുടെ അവസ്ഥ അതല്ല.ഉന്നതമായ യോഗ്യതകൾ പലതും ഉണ്ടായിട്ടും മലയാളികൾക്ക്‌ മര്യാദക്ക്‌ ഇംഗ്ലീഷ്‌ എഴുതുവാനോ പറയുവാനോ കഴിയുന്നില്ല.(എന്റെ കാര്യം പറയുകയും വേണ്ട)

പിന്നെ റഷ്യക്കാരന്റേയും,ഫ്രഞ്ചുകാരന്റേയും,ജർമ്മൻ കാരന്റേയും അവസ്ഥയല്ല ഇന്ത്യക്കാരന്റേത്‌ പ്രത്യേകിച്ച്‌ മലയാളിയുടേത്‌.....അതേ കേരളം ജീവിക്കണേൽ,രാഷ്ടീയക്കാർക്ക്‌ ജാഥനടത്തണേൽ, നമ്മൾ ഇവിടെ നിന്നും അയക്കുന്ന ഡ്രാഫ്റ്റ്‌ വേണം....


മലയാളം വിരോധിയല്ല ഞാൻ ..മലയാളത്തെ സ്നേഹിക്കുന്നുമുണ്ട്‌.പക്ഷെ ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ ഭാഷാപ്രണയം മാത്രം തലക്കുപിടിച്ചുനടന്നാൽ മലയാളിക്ക്‌ കഞ്ഞികുടിമുട്ടും...

പ്രവാസികളെ സംബന്ധിച്ച്‌ രാഷ്ടീയം പറയുവാനും, ഒഴിവുള്ളപ്പോൾ ഇത്തരം പോസ്റ്റിടുവാനും,അതിൽ കമന്റിടുവാനും ഒക്കെ മലയാളം നല്ലതാണ്‌.

kutyolde jeevitham pazhaakkalle ....

Sapna Anu B.George said...

കുമാര്‍, മലയാളം കെട്ടിപ്പിടിച്ച്, എന്റെ മലയാളം എന്നു പറഞ്ഞ് കരഞ്ഞ്,തലമുടി പിച്ചി പറിച്ചു നടക്കണ്ട,പ്രാന്തായിട്ട് ഓടനൊന്നും പറഞ്ഞില്ല.നാട്ടിലൂടെ സമയം കിട്ടുമ്പോ,അവധിക്കു പോകുമ്പൊ,
ഒന്നു കണ്ടു മനസ്സിലാക്കൂ, പരിതാപകരമായ സ്ഥിതി.അല്ലാതെ, ഇംഗ്ലീഷ് അറിയില്ലാത്ത സഹപ്രവര്‍ത്തകരോടും,മറ്റും മലയാളം പഠിപ്പിച്ച്,മൊഴി കീമാന്‍ എഴിതിപ്പിക്കാനല്ല. നിങ്ങളുടീ ഈ മനസ്ഥിതീയാണ് മാറ്റെണ്ടത്.ഈ എഴുതുന്ന മലയാളം പോലും ഇതുപോലെ ഇംഗ്ലീഷ് മാത്രം സംസാരീക്കുന്ന നാട്ടില്‍ ഇരുന്നു, മലയാളികള്‍ ഉണ്ടാക്കിയതാ മാഷ, കേട്ടോ???

Sapna Anu B.George said...

മഴത്തുള്ളീ .............നന്ദി,മലയാളത്തിന്റെ വില മനസ്സിലാക്കാത്ത ഒരു പറ്റം ആള്‍ക്കാരോട് എന്തു പറയൂം

ഹേമ said...

ഒരു ഭാഷ എന്നതില്‍ കവിഞ്ഞ് മലയാളഭാഷയ്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നുള്ളത് ഏറെ നല്ലത്. അല്ലാതെ ഒരു പൌരന്‍ റെ അവകാശത്തില്‍ കൈകടത്തേണ്ട ഒരു ആവശ്യവും ഇല്ല.
ഇന്ന് ജീവിക്കാന്‍ കേരളത്തിലായാലും ഇംഗ്ലീഷ് തന്നെ വേണ്ട ഒരു അവസ്ഥ വന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ ഇംഗ്ലീഷ് ഭാഷയുടെ ബേസ് കുട്ടികളെ പഠിപ്പിക്കാന്‍ ഉത്സാഹിക്കേണ്ടതിന് പകരം അറബ് നാട്ടില്‍ മലയാളം മീഡിയം സ്കൂള്‍ എന്ന് പറയുന്നത് തന്നെ അതിവൈകാരികത എന്നേ പറയാനുള്ളൂ.
ജീവിതത്തിന് ഉപകരിക്കാത്ത ഒന്നും നല്ലത് എന്ന് പറയാന്‍ എനിക്ക് പറ്റില്ല. അത് നല്ലതല്ല തന്നെ.

അതു കൊണ്ട് സകലമാന സ്ഥലത്തും മലയാളം വേണം. മലയാളം അമ്മയാണ്. അച്ഛനാണ് എന്നൊക്കെ പറയാനല്ലാതെ പൊക്കിപിടിച്ച് നടന്ന് ജീവിതം പാഴാക്കേണ്ട കര്യമൊന്നും ഇല്ല.

ഹേമ

ശ്രീ said...

ചേച്ചീ... എഴുത്ത് എത്ര ശരിയായാലും ഇല്ലെങ്കിലും മാതൃഭാഷയോടുള്ള മനസ്സിലെ സ്നേഹം ഈ പോസ്റ്റില്‍ നിന്നും വായിച്ചെടുക്കാനാകുന്നുണ്ട്.

പ്രവാസികള്‍ മാത്രമല്ലല്ലോ, നമ്മുടെ നാട്ടിലെ തന്നെ പുതു തലമുറയ്ക്ക് മലയാള ഭാഷയോടുള്ള പുച്ഛം കാണുമ്പോള്‍ വിഷമം തോന്നും.

Sapna Anu B.George said...

അഭിപ്രാത്തിനു നന്ദി ഹേമ, ....ശ്രീ ആരെയും നമുക്ക് കൈപിടിപ്പിച്ച് മലയാളം പഠിപ്പിക്കനൊക്കില്ല,
ആരെയും,ഈ ഇംഗ്ലീഷ് പഠിക്കുന്നതിനു മുന്‍പ് ആദ്യം പറഞ്ഞു പഠിച്ച ഒരു വാക്കുണ്ട്, അമ്മ,അതിന് ഇംഗ്ലീഷ് അനുവാദനം ഒണ്ടോ ആവോ ആര്‍ക്കറിയാം!!!

Typist | എഴുത്തുകാരി said...

മലയാള ഭാഷയുടെ ഇന്നത്തെ സ്ഥിതിയിലുള്ള ആശങ്ക പങ്കു വച്ചതു് നന്നായി. എനിക്കു തോന്നുന്നു, പ്രവാസികളാണ് ഇക്കാര്യത്തില്‍ ഭേദമെന്നു്. അവര്‍ ഒരു പക്ഷേ നാട്ടില്‍ നിന്നു അകലെയായതുകൊണ്ടാവാം, മക്കളെ മലയാളം പഠിപ്പിക്കാനും നാട്ടിലെ കാര്യങ്ങള്‍ മനസ്സിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്‌. പലര്‍ക്കും അതു പറ്റാത്തതു സാഹചര്യങ്ങള്‍ കൊണ്ടുമാവാം.
പക്ഷേ നാട്ടില്‍ സാഹചര്യത്തിന്റെ കുറവൊന്നുമില്ലല്ലോ. ഇവിടെ മാധ്യമങ്ങളില്‍ ചില അവതാരികമാര്‍ (അവതാരകന്മാര്‍ എത്രയോ ഭേദമാണ്)
മലയാളത്തെ വധിക്കുന്നതുകണ്ടാല്‍ കരഞ്ഞുപോവും.

Sapna Anu B.George said...

എഴുത്തുകാരി....പ്രാവാസിയായതുകൊണ്ടുമാത്രം മലയാളത്തെ സ്നെഹിക്കണം എന്നില്ല.ഇരിക്കുന്ന നാടും വീടും മറക്കാതിരിക്കുക എന്നൊരു കാര്യം മനസ്സിലുണ്ടായാല്‍ മാത്രം മതി. അഭിപ്രായത്തിനു നന്ദി.

വയനാടന്‍ said...

സപ്ന
എഴുത്ത് എത്രകണ്ട് ശരിയായി എന്നാ ആശങ്ക തീരെ വേണ്ട
എന്ത് പറയാന്‍ ശ്രമിച്ചു എന്നതിലെ ആത്മാര്തതയാണ് പ്രധാനം ..
മലയാളത്തെ (കേരളത്തെയും ) കുരചെന്കിലും തീവ്രമായി സ്നേഹിക്കുന്നത് പ്രവാസികള്‍ തന്നെയാണ് എന്നതാണ് സത്യം ....
അതിജീവനത്തിനായി ഇംഗ്ലീഷ് അത്യാവശ്യമാണ് എന്നത് തീര്‍ത്തും ശരി തന്നെയാണ് ,പക്ഷെ അതില്ലെന്കില്‍ പിന്നെ മറ്റൊന്നുമില്ല എന്നാ നിലപാടിനോടാണ് ബ്ലോഗ് വിയോജിക്കുന്നത് ,അന്ധമായ ആരാധനയോ ,വെറുപ്പോ ഇല്ല ..ശരിയായ നിലപാട് .....
നിങ്ങള്‍ പ്രവാസികള്‍ ഇങ്ങനെ മലയാളത്തെ കൊല്ലാ കൊല ചെയ്യുമ്പോള്‍
ഞങ്ങളുടെ പ്രതീക്ഷയത്രയും ഒരു മലയാളം ടീച്ചരിലാണ്...
മലയാളത്തിനു വേണ്ടി സ്വന്തം ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ച ആരാധ്യയായ ഒരു വനിത..
അറിയുമായിരിക്കും നിങള്‍ അവരെ ....
രഞ്ജിനി ഹരിദാസ് എന്നാണ് പേര് ...
അവരുള്ളപ്പോള്‍ മലയാളത്തിന് സ്വാഭാവിക മരണത്തിനു വഴിയില്ല
ഭാഷ ആത്മഹത്യ ചെയ്യാനാണ് സാധ്യത ...
അനുമോദനങ്ങള്‍ സപ്ന ,wow..... waaah.. super എന്നും പറയാം

Sapna Anu B.George said...

വയനാടന്‍...തീവ്രമായി പ്രവാസികള്‍ സ്നേഹിച്ചിട്ടു കാര്യം ഇല്ല, മലയാളത്തിന്റെ ജീവന്‍ പ്രവാസിയുടെ കയ്യിലല്ല....നാട്ടിലുള്ള മലയാളിയുടെ കയ്യിലാണിരിക്കുന്നത്. അവര്‍ക്കില്ലാത്ത ബഹുമാനാം ഇവിടെ ഇരൂന്ന്,ബ്ലൊഗ് എഴിതിക്കൂട്ടി
ഉണ്ടാക്കാന്‍ സാധിക്കും എന്നെനിക്കു വിശ്വാസം പോര.....ബ്ലൊഗ് എഴുതുന്നവരോട് നാട്ടിലുള്ളവര്‍ക്ക് അത്ര ബഹുമാനം പൊര, എല്ലാവര്‍ക്കും അല്ലെങ്കിലും ചിലര്‍ക്കെങ്കിലും. ജീവിക്കാന്‍ മാര്‍ഗ്ഗം അല്ല ലക്ഷ്യമെന്ന് എല്ലാവരും ചിന്തിക്കില്ലല്ലോ അതിനിടെ എന്തു ഭാഷാ പ്രേമം... ആരാ ഈ രഞ്ചിനി ഹരിദാസ്???

ജന്മസുകൃതം said...

സ്വപ്ന,
കുട്ടികളെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ക്കുന്നതിനെതിരെ മുറവിളി കൂട്ടിയ ചിലര്‍ ഈ നാട്ടിലുണ്ടായിരുന്നു.
എന്നിട്ടും നാട്ടില്‍ കൂണുപോലെ അത്തരം സ്കൂളുകള്‍ മുളച്ചു വളര്‍ന്നു.
മലയാളം സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും പലസ്കൂളുകളും നിര്‍ത്തലാക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.
എന്നിട്ടും ഇംഗ്ലീഷു മീഡിയം സ്കൂളുകള്‍ക്ക്‌ അംഗികാരം നല്‍കി സര്‍ക്കാര്‍ അവയെ പ്രോല്‍സാഹിപ്പിച്ചു.
ഇന്നത്തെ അവസ്ഥ എന്താണെന്നോ?
.സ്കൂളു തുറക്കുമ്പോഴേയ്ക്കും
കുട്ടികളെ പിടിക്കാനുള്ള നെട്ടോട്ടമാണ്‌.മാത്രമല്ല,മലയാളം സ്കൂളുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷിനായി അനുവദിച്ചു കൊടുത്തിരിക്കുന്നു
വെണ്ടത്ര പരിശീലനം കിട്ടാത്ത ടീച്ചര്‍മാര്‍....!!!.
.രണ്ടുതരം പൗരന്മാര്‍ ഒരേ കുടക്കിഴില്‍....
ഇപ്പോള്‍ മലയാളവുമില്ല ഇംഗ്ലീഷുമില്ല വെറും മംഗ്ലീഷു മാത്രം.

Sapna Anu B.George said...

ലീലാ ജി....മലയാളം മീഡിയത്തില്‍ പഠിച്ചു 10 പാസ്സായ,ഒരു സാധാരണ ഗവണ്മെന്റ് സ്കൂള്‍ റ്റീച്ചറുടെ മകളാണ് ഞാന്‍.എനിക്കതില്‍ ഇതുവരെ ഒരു നാണക്കേടും തോന്നിയിട്ടില്ല.നാട്ടിലുള്ളവര്‍ക്ക് ഇതിന്റെ വില അറിയില്ല, ഇവിടെ എഴുതിയിരിക്കുന്ന അഭിപ്രായങ്ങള്‍ തന്നെ നോക്കു, ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍,മലയാളവും കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍,ജീവിക്കാന്‍ ഒക്കില്ല എന്നും മറ്റും...നന്ദി വീണ്ടും

Mahesh Cheruthana/മഹി said...

സപ്നേച്ചീ,
തികച്ചും സമയോചിതമായി..ഈ പോസ്റ്റ്‌!
മനസ്സിൽ തോന്നിയ ആശങ്ക,മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരുടേതും കൂടിയാണു.പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്ന മലയാളിയുടെ നേർക്കാഴ്ചകളാനു ദ്രിശ്യമാധ്യമങ്ങളിൽ നാം കാണുന്നതു! ഇപ്പോൾ ഈ ബ്ലോഗുകൾ ആണു മലയാളത്തെ സജീവമാക്കുന്നതുo!!!!
ആശംസകള്‍..............

Sapna Anu B.George said...

മഹി....എത്രകണ്ട് അവരോചിതമായി എന്നറിയില്ല, പക്ഷെ ഇതിനോട് യോജിക്കാത്തവരും ഉണ്ട്, അഭിപ്രായങ്ങള്‍ക്കു നന്ദി

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എന്തൊക്കെ പറഞ്ഞാലും മലയാളം 'നല്ല മലയാളം' മരിച്ചു കഴിഞ്ഞു അല്ലെങ്കില്‍ ഊര്‍ദ്ധ ശ്വാസം വലിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

അക്ഷരത്തെറ്റുകളില്ലാത്ത എത്ര ബ്ലോഗുകളുണ്ട് ബൂലോകത്ത്..??
എന്റെ ബ്ലോഗിലും ഇല്ലെന്നല്ല..
അജ്ഞതയും അശ്രദ്ധയും മൂലം വരുത്തി വെക്കുന്ന വികല പ്രയോഗങ്ങളും അക്ഷരത്തെറ്റുകളും ഭാഷയെ വിരൂപമാക്കുന്നു..
നല്ല മലയാളം കാണാന്‍ കഴിയുന്നില്ല ഇപ്പോള്‍.
അര്‍ഥമറിയാതെ വാക്കുകള്‍ പ്രയോഗിക്കുന്നു ആളുകള്‍ ...
ഭാഷാ സ്നേഹം എന്നത് ഹേമ എന്നയാള്‍ മുകളില്‍ എഴുതിയത് പോലെയാണ് പലരും കാണുന്നത്..

കേവലം ഒരു ഭാഷ..!
അതിനോട് പ്രത്യേകമായ വൈകാരിക താല്പര്യം എന്താണ് എന്നവര്‍ക്ക് മനസ്സിലാകുന്നില്ല..
എല്ലായിടത്തും ലാഭ നഷ്ടങ്ങളുടെ കണക്കു നോക്കി ഇടപെടലുകള്‍ നടത്തുന്ന,
എല്ലാം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്ന ,ജീവിതം ആഘോഷിച്ചു തീര്‍ക്കുന്ന , മത്സര യുഗത്തില്‍ മുന്നിലെത്താന്‍ കുറുക്കു വഴികള്‍ തേടുന്ന ഒരു തലമുറയ്ക്ക് എങ്ങനെയാണ് സ്വന്തം അമ്മയോടോ ഭാഷയോടോ പ്രത്യേകമായി എന്തെങ്കിലും തോന്നുക...??!!

കാര്യമില്ലാത്ത , പ്രായോഗികമല്ലാത്ത പ്രണയം പോലും ഇന്നത്തെ തലമുറ നിരാകരിക്കുന്നു...
ഇന്ന് ആര്‍ക്കും മാനുഷിക തലത്തില്‍ ചിന്തിയ്ക്കാന്‍ സമയമില്ല .
അത്തരം ആളുകളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

ജീവിതം എന്നാല്‍ മത്സരമാണെന്നും മുന്നിലെത്തുന്നവന്‍ മാത്രമാണ് വിജയിക്കുന്നത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു ഇന്നത്തെ തലമുറയെ ...!
എന്ട്രന്‍സ് പരിശീലനങ്ങള്‍ക്കിടയില്‍ കവിത വായിക്കാനും ഭാഷയെ സ്നേഹിക്കുവാനും അവര്‍ക്കെവിടെ സമയം..?
നമ്മള്‍ കുറച്ചാളുകള്‍ എന്നും ഇങ്ങനെ ഉണ്ടാകും എന്നതിനാല്‍ ഭാഷ പൂര്‍ണമായും മരിക്കില്ല എന്നുറപ്പാണ്...
പക്ഷെ ഫലത്തില്‍ മരണം തന്നെയാണ് നടക്കുന്നത്.
വൈകല്യം ബാധിച്ച ഭാഷയുടെ വൈരൂപ്യം മരണത്തെക്കാള്‍ മികച്ചതൊന്നുമല്ല...!

ഈ പോസ്റ്റില്‍ തന്നെ തുടക്കം മുതല്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നത് ശ്രദ്ധിക്കുമല്ലോ..
ആരുമത് ചൂണ്ടിക്കാണിച്ചത് കാണുന്നില്ല..
അക്ഷരത്തെറ്റ് ഇന്നൊരു തെറ്റേ അല്ല..എന്നായിരിക്കുന്നു...!


ചേച്ചിക്ക് ആശംസകള്‍...

പാവത്താൻ said...

മലയാളം ഉടനെയെങ്ങും മരിക്കുകയൊന്നുമില്ല.മറ്റു ഭാഷകളെ അപേക്ഷിച്ച്‌ ഒരു മെച്ചവും മലയാളത്തിനില്ല.പക്ഷെ അതെന്റെ മാതൃഭാഷയാണ്‌. So I love it.

Sapna Anu B.George said...

hAnLLaLaTh ...എല്ലാം സത്യം സത്യമായി പറഞ്ഞതിനും, ഞാന്‍ പറയാന്‍ വിട്ടുപോയതുകൂടി എഴുതിയതിനും നന്ദി. പാവത്താന്‍....മലയാളം അവസാന ശ്വാസം വലിക്കയാ.

ഹേമ said...

സത്യത്തില്‍ സഹതാപമര്‍ഹിക്കുന്ന കമന്‍റുകള്‍ വല്ലാതെ നിരാശപ്പെടുത്തുന്നു ബ്ലോഗിലെ ഈ അവസ്ഥ.
മലയാളം എന്‍ റെ അമ്മയെ പോലെയാണ് അത് പലര്‍ക്കും മനസ്സിലാവില്ല. എന്നൊക്കെ വികാരം കൊള്ളാന്‍ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

“എന്തൊക്കെ പറഞ്ഞാലും മലയാളം 'നല്ല മലയാളം' മരിച്ചു കഴിഞ്ഞു അല്ലെങ്കില്‍ ഊര്‍ദ്ധ ശ്വാസം വലിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.“
ഏന്ത് അടിസ്ഥാനത്തിലാണ് hAnLLaLaTh ഇങ്ങനെ പറയുന്നതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
ഒപ്പം
“അജ്ഞതയും അശ്രദ്ധയും മൂലം വരുത്തി വെക്കുന്ന വികല പ്രയോഗങ്ങളും അക്ഷരത്തെറ്റുകളും ഭാഷയെ വിരൂപമാക്കുന്നു..
നല്ല മലയാളം കാണാന്‍ കഴിയുന്നില്ല ഇപ്പോള്‍“

ബ്ലോഗില്‍ അക്ഷരത്തെറ്റുകള്‍ വരുന്നു എന്നത് സത്യമായ കാര്യമാണെങ്കിലും അതിനെ അറിവില്ലായ്മകൊണ്ട് എന്ന് പറയുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. ഇതൊരു സാങ്കേതികമായ കാര്യങ്ങള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ലിപികള്‍ പലപ്പോഴും ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട് എഴുത്തുകാരന്. ചില്ലക്ഷരങ്ങള്‍, അതു പോലെ ചില അക്ഷരങ്ങള്‍. അതിനെ തീര്‍ത്തും അറിവില്ലായ്മ എന്നു പറയുന്നതിന്‍ റെ യുക്തി വ്യക്തമാ‍ക്കിയാല്‍ കൊള്ളാമായിരുന്നു.
“മലയാളം അവസാന ശ്വാസം വലിക്കയാ“ എന്ന പ്രസ്താവനയില്‍ എന്ത് സത്യസന്ധതയിലാണ് പറയുന്നതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം

ഹേമ

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
Sapna Anu B.George said...

ഹെമ..അഭിപ്രായത്തിനും,നല്ല വാക്കുകള്‍ക്കും നന്ദി,എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായാങ്ങള്‍ ഉണ്ടാകും.ജീവിതത്തിന്റെ ഇരുപ്പൂനിരപ്പനുസരിച്ച് അഭിപ്രായങ്ങള്‍ മാറിമറിയാന്‍ സാദ്ധ്യതയുണ്ട്.
അതാരുടെയും കുറ്റമല്ല.

ഹന്‍ല്ലലത്ത് Hanllalath said...

കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന അശ്വമേധം എന്ന പരിപാടിയിലൂടെ പ്രസിദ്ധനായിതീര്‍ന്ന ജി എസ് പ്രദീപ് ഒരു പ്രസംഗത്തില്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു

വിനയമാണ് യുവത്വത്തിന്റെ ശാപം..!
മുതിര്‍ന്നവരെ അനുസരിച്ചല്ല ധിക്കരിച്ചാണ് യുവത്വം വളരേണ്ടത്...എന്ന്...

ഏത് തരത്തില്‍ അദ്ദേഹം പറഞ്ഞാലും എനിക്ക് വളരെ അരോചകവും അസഹ്യവുമായി അനുഭവപ്പെട്ടു ആ വാക്കുകള്‍..!
അദ്ധേഹത്തിന്റെ പോലെയുള്ള ചിന്താ ഗതികളെ എനിക്കെങ്ങനെ തിരുത്താന്‍ കഴിയും..?
ഓരോരുത്തര്‍ക്കും ഓരോ ശെരികളുണ്ട് ...
എല്ലാറ്റിലും യുക്തി ഉണ്ടാവണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ അബദ്ധമാണ്..
കോഴിയെ വളര്‍ത്തുന്ന ചിലരെ കാണാം ...അവര്‍ അതിനെ വളര്‍ത്തുന്നു ...വെറുതെ...സന്തോഷം അതിലൂടെ അവര്‍ക്ക് ലഭിക്കുന്നു..
അവരാണെങ്കിലോ സസ്യ ഭുക്കുകള്‍..
കോഴി മാംസം കഴിക്കുന്ന ഒരാള്‍ക്ക്‌ ഇത് വലിയ വിഡ്ഢിത്തമായി തോന്നാം..അനാവശ്യമായി വളര്‍ത്തുന്നു...നല്ല കോഴിയെ ചാകാന്‍ വിടുന്നു...എന്നൊക്കെ അവര്‍ പറയും...ശെരികളെല്ലാം ആപേക്ഷികങ്ങളാണ് ...ചിലര്‍ ജീവിതത്തെ കുറെ പണമുണ്ടാക്കി നേട്ടങ്ങളാല്‍ ഊറ്റം കൊള്ളാന്‍ ഉള്ള ഒന്നായി കാണുന്നു . മറ്റു ചിലര്‍ ജീവിതത്തെ വൈകാരികമായി കൊണ്ട് നടക്കുന്നു..
മറ്റുള്ളവരുടെ കണ്ണില്‍ അനാവശ്യ സെന്റിമെന്റുകള്‍ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്കായി അവര്‍ ജീവിച്ചു തീര്‍ക്കുന്നു .

ഹേമേച്ചിയോട് എനിക്ക് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ കഴിയില്ല.
കാരണം വികാരങ്ങള്‍ വിചാരങ്ങളെ പോലെ അല്ലല്ലോ...
മാതൃ ഭാഷ എന്നത് വികാരമാണ്...
തലച്ചോറ് കൊണ്ട് മാത്രം ചിന്തിക്കുന്ന ഹൃദയത്തിന്‍റെ ഭാഷ അറിയാത്ത ആളുകള്‍ക്ക് മലയാളത്തിനോ അല്ലെങ്കില്‍ വൈകാരികതകള്‍ക്കോ ജീവിതത്തില്‍ സ്ഥാനം നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല.
അതില്‍ ദുഖിക്കുകയല്ലാതെ അത്തരം ആളുകള്‍ക്ക് മലയാള ഭാഷയും അമ്മയും എങ്ങനെ ഒന്നാകുന്നുവെന്നു പറഞ്ഞു മനസ്സിലാക്കാന്‍ എനിക്ക് കഴിയില്ല ...
കാരണം എന്‍റെ വികാരങ്ങള്‍ പലപ്പോഴും വാക്കുകള്‍ക്കു അപ്രാപ്യമാണ്...!

നല്ല മലയാളം ഊര്‍ദ്ധ ശ്വാസം വലിക്കുന്നു എന്ന് മനസ്സിലാക്കാന്‍
കുറെ ഗവേഷണങ്ങള്‍ നടത്തേണ്ട കാര്യമൊന്നുമില്ല.
പത്താം തരം കഴിഞ്ഞ കുട്ടികള്‍ക്ക് ഒരു കേട്ടെഴുത്ത് കൊടുത്തു നോക്കൂ.
അവരെ കൊണ്ട് ഒന്നുറക്കെ വായിപ്പിച്ചു നോക്കൂ..അക്ഷര ശുദ്ധി ഇന്നെവിടെ..?!
അപ്പോള്‍ മലസ്സിലാകും അക്ഷരത്തെറ്റിന്റെയും വികല മലയാളത്തിന്റെയും വിളയാട്ടം.

ഒന്നുമില്ലെങ്കില്‍ പത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അറിയാമല്ലോ വികല പ്രയോഗങ്ങളുടെ ആധിക്യം...

തര്‍ക്കിക്കാന്‍ വേണ്ടിയല്ല വസ്തുതകള്‍ക്കോ ആശയങ്ങള്‍ക്കോ വേണ്ടി തര്‍ക്കിക്കുക അതാണ്‌ ആരോഗ്യകരം...

ഞാന്‍ ഒന്ന് കൂടി ആവര്‍ത്തിക്കുന്നു...മലയാളമല്ല മരിക്കുന്നത്...
നല്ല മലയാളം മരിച്ചു കൊണ്ടിരിക്കുന്നു...

എങ്കിലും , വൈകാരികമായി ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഒരു പറ്റം ഉള്ളിടത്തോളം പൂര്‍ണ്ണമായും ഭാഷയ്ക്ക് വൈകല്യം സംഭവിക്കില്ലെന്നു പ്രത്യാശിക്കാം...



"അജ്ഞതയും അശ്രദ്ധയും മൂലം വരുത്തി വെക്കുന്ന വികല പ്രയോഗങ്ങളും അക്ഷരത്തെറ്റുകളും ഭാഷയെ വിരൂപമാക്കുന്നു..
നല്ല മലയാളം കാണാന്‍ കഴിയുന്നില്ല ഇപ്പോള്‍“

എന്‍റെ വാക്കുകള്‍ കൂടുതല്‍ വിശദമാക്കേണ്ട കാര്യമില്ലെന്ന് ഒന്ന് കൂടി വായിച്ചു നോക്കിയാല്‍ മനസ്സിലാകും..
"..അശ്രദ്ധയും.." എന്നത് ഹേമേച്ചി കാണാതെ പോയതോ അതോ...കണ്ടില്ലെന്നു നടിച്ചതോ..?!

ഈ ബ്ലോഗിലെ അക്ഷരത്തെറ്റുകള് ഹേമേച്ചി കണ്ടില്ലെന്നു തോന്നുന്നു...

" .....എന്തു മണ്ണ്? ....ഇത്തരം, ഉടനടി വന്നു!!!.... "

' ഉത്തരം' എന്നത് 'ഇത്തരം' എന്നായി മാറിയത് സാങ്കേതിക പ്രശ്നം തന്നെയാണ് അല്ലെ...?!
നല്ല കാര്യം...!!!
പറയുന്നതിന്റെ സാംഗത്യം മനസ്സിലാക്കുക...

സാങ്കേതികമാണ് അക്ഷരതെറ്റുകള്‍ എന്ന് തീര്‍ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ട് ചേച്ചി....
അശ്രദ്ധ തന്നെയാണ് വലിയ ശതമാനവും....
പിന്നെ അറിവില്ലായ്മയും വലിയ ഘടകം തന്നെയാണ് എന്ന് മനസ്സിലാക്കുക..
അറിവില്ലായ്മ സ്വകാര്യ സ്വത്തൊന്നുമല്ല...അതത്ര വലിയ തെറ്റുമല്ല...അറിവ് നേടിയാലാണ് അറിവില്ലായ്മ ഇല്ലാതാകുന്നത്...
ഭാഷ എന്നത് ഒരു വികാരം തന്നെയാണ്...
ഹിന്ദി ഭാഷ കലാപം നടത്തിയ തമിഴന്റെ വികാരത്തോളം വരില്ലെങ്കിലും മലയാളിക്കും വികാരം തന്നെയാണ് മലയാളം...!

ഇവിടെ മുംബൈയില്‍ ,മറാഠി വാദം ശക്തമാണിപ്പോള്‍ .
രാജ് താക്കറെയുടെ നവ നിര്‍മ്മാണ്‍ സേന മറാഠിയല്ലാത്ത ബോര്‍ഡുകളെല്ലാം തച്ചു തകര്‍ത്തിരുന്നു കുറച്ചു നാളുകള്‍ക്കു മുമ്പ്..
ഭാഷ എന്നത് ഇവര്‍ക്കാര്‍ക്കും കേവലമായ സംസാര ശബ്ദമല്ല...
സംസ്കാരങ്ങളുടെ നഷ്ടമാണ് ഭാഷ നഷ്ടം എന്നത്.
ഒരു ഭാഷ എന്നത് കേവലമായ കുറച്ചു ലിപി രൂപങ്ങളോ സംസാര ശബ്ദങ്ങളൊ അല്ല എന്ന് ആദ്യം മനസ്സിലാക്കുക...

തര്‍ക്കിക്കാന്‍ വേണ്ടിയുള്ള തര്‍ക്കങ്ങള്‍ക്ക് താല്പര്യമില്ല...
ഞാന്‍ വിട വാങ്ങുന്നു...

നന്മകള്‍ നേരുന്നു

ഹൃദയപൂര്‍വ്വം,
ഹന്‍ല്ലലത്ത്

ഹേമ said...

സപ്നേച്ചീ..,

എന്നെ സഹിക്കുന്നതിന് നന്ദി.

എല്ലാ ഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്. അത് ഇംഗ്ലീഷ് ആയാലും മലയാളമായാലും അറബി ആയാലും സ്പാനിഷ് ആയാലും അങ്ങിനെ തന്നെ.

എല്ലാ ഭാഷയ്ക്കും അതിന്‍റെ തായ വൈപുല്യങ്ങളും വൈവിധ്യങ്ങളുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്‍റെ വിയോജിപ്പ് മലയാളം മരിക്കുന്നു എന്ന് പറയുന്നതിലെ അതി വൈകാരികതയും സത്യസന്ധതയില്ലായ്മയുമാണ് എന്ന് പറയുവാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.

പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക ശരിയായ മലയാളം എഴുതാന്‍ അറിയില്ലെങ്കില്‍ അത് മലയാളഭാഷയുടേ മരണമണിയാണ് എന്ന് പറയുമ്പോള്‍ ഹന്‍ല്ലലത്ത് ഞാന്‍ താങ്കളോട് എന്ത് മറുപടി പറയും ഇത്തരം തമാശകള്‍ക്ക്?

സ്കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍
പൂവിനെ കുറിച്ച് പഠിപ്പിക്കുകയും
അതിനെ “പൂവ്, പുശ്പം” എന്നും ഉപയോഗിക്കുകയും കുട്ടി “മാഷേ പുഷ്പം’ അല്ലേ ശരി എന്ന് തിരിച്ച് ചോദിക്കുകയും എന്നാല്‍ അദ്ധ്യാപകന്‍റെ മറുപടി “പൂവെന്നും പുശ്പമെന്നും പിന്നെ കുട്ടി പറഞ്ഞതുപോലെയും പറയാം” എന്ന് പറയുന്നതിലെ തമാശയല്ല അതിലെ കാര്യമാണ് താങ്കളുടെ അതിവൈകാരികതയ്ക്കുള്ള ഉത്തരം എന്ന് മനസ്സിലാക്കുമല്ലോ.

താങ്കള്‍ പറഞ്ഞതു പോലെ മാതൃഭാഷ തായ്മൊഴി തന്നെയാണ് അതില്‍ സംശയമൊന്നും ഇല്ല. കേരളത്തില്‍ ജീവിക്കുകയും മലയാളം മാത്രം സംസാരിക്കുകയും ചെയ്യുന്ന ഏതൊരാളും അയാളുടെ മലയാളത്തില്‍ മാത്രമേ ചിന്തിക്കുകയുള്ളൂ എന്ന് താങ്കള്‍ക്ക് തന്നെയും അറിയാം. എന്നാല്‍
ഇതെ മലയാളി മലയാളത്തേക്കാള്‍ ഇംഗ്ലീഷ് പഠിച്ചെന്നിരിക്കട്ടേ... അവന്‍ / അവള്‍ ചിന്തിക്കുന്നത് ഏറ്റവും എളുപ്പമായി ചിന്തിക്കാന്‍ പറ്റിയ ഭാഷ ഏതാണൊ ആ ഭാഷയില്‍ ആയിരിക്കും അപ്പോള്‍ അയാളുടെ തായ്മൊഴി മാറുകയും ചെയ്യുന്നു എന്ന് പറയാം.

ഭാഷ മരിക്കുകയില്ല അതിന്‍ രൂപമാറ്റമോ ഭാവമാറ്റമോ ഉണ്ടാകുന്നു എന്നേ പറയാന്‍ കഴിയൂ. ഞാനും നിങ്ങളും ടൈപ്പ് ചെയ്യുന്നത് മംഗ്ലീഷിലാകുമ്പോള്‍ അതിന് പുതിയ രൂപവും ഭാവവും വരുന്നത് അതു കൊണ്ടാണ്.

പറഞ്ഞു വന്നത് മലയാള ഭാഷ ഒരിക്കലും മരിക്കുകയില്ല അത് അതിന്‍റെ രൂപത്തില്‍ ഒരു പക്ഷെ മാറ്റം വന്നേക്കാം 51 അക്ഷരങ്ങളും 53 അക്ഷരങ്ങളും പിന്നെ 49 അക്ഷരങ്ങളും മാറി മാറി വരുമ്പോള്‍ വരുന്ന മാറ്റം പോലെയോ അതിലും മാറിയ രീതിയിലോ ഒക്കെ ആകാം എന്ന് മാത്രം.

ബ്ലോഗ് കമന്‍റുകളില്‍ ‘അശ്രദ്ധ’മായി കൈകാര്യം ചെയ്ത് തെറ്റു വരുത്തുന്നു എന്ന താങ്കളുടെ വാദത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു. അത്തരം ചെയ്തികളെ എന്നും ഓര്‍മ്മപ്പെടുത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ടത് തന്നെയാണ്.

രാജ് താക്കറെ മുംബെയില്‍ ചെയ്യുന്നത് സംസ്കാര സംരക്ഷണത്തിനല്ല സ്വന്തം നിലനില്പിന് വേണ്ടിയുള്ള ഗിമ്മിക്കുകളാണെന്ന് മനസ്സിലാക്കുക. അവര്‍ ചെയ്യുന്നത് ചരിത്രം പഠിക്കുകയോ പഠിപ്പിക്കുകയോ അല്ല ചരിത്രം മാറ്റി എഴുതുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്. അവര്‍ക്ക് ഭാഷാ പ്രേമം പോയിട്ട് രാജ്യ സ്നേഹം പോലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ ഉണ്ടായിരുന്നുവെങ്കില്‍
കൊളാബയിലെ താജും മറ്റ് ഹോട്ടലും ആക്രമിക്കുമ്പോള്‍ രാജ് താക്കറേയുടെ ‘നവനിര്‍മ്മാണ സേന’ എവിടെ പോയി ഒളിച്ചു എന്ന് താങ്കള്‍ മറുപടി പറയേണ്ടിവരും സംഭവസ്ഥലം സന്ദര്‍ശിക്കുകയോ ഒരു പ്രസ്താവന പോലുമിറക്കാന്‍ നവനിര്‍മ്മാണ സേന തയ്യാറായില്ല എന്ന് അറിയുമ്പോള്‍ അവരുടെ ‘ഹം ച്ചി മുംബെയ്” പ്രേമത്തിന്‍റെ കാഠിന്യം ബോധ്യമാവുക തന്നെ ചെയ്യും.
ഭാഷ സംസ്കാര സമ്പന്നമാണ് അത് മലയാളമെന്നോ ഇംഗ്ലീഷ് എന്നോ വകഭേദമില്ലാതെ. ഇത് തന്നെയാണ് എന്‍ റെ വാദവും

ഹേമ

ഹന്‍ല്ലലത്ത് Hanllalath said...

നിറുത്തിയേടത്ത് നിന്നും....ഒന്ന് കൂടി

ക്ഷമിക്കണം.. രാജ് താക്കറെയെ ഞാന്‍ പിന്താങ്ങുകയല്ല ചെയ്തത്...
ഭാഷയെ ഉപകരണമാക്കി ചൂഷണം ചെയ്യുന്നവര്‍ക്ക്‌ ഭാഷ എന്നത് എപ്പോഴും വൈകാരികമാണ് സംസ്കാരാധിഷ്ഠിതമാണ് എന്നത് ചൂഷണം എളുപ്പമാക്കുന്നു.
എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു..



".......ഭാഷ മരിക്കുകയില്ല അതിന്‍ രൂപമാറ്റമോ ഭാവമാറ്റമോ ഉണ്ടാകുന്നു എന്നേ പറയാന്‍ കഴിയൂ. ഞാനും നിങ്ങളും ടൈപ്പ് ചെയ്യുന്നത് മംഗ്ലീഷിലാകുമ്പോള്‍ അതിന് പുതിയ രൂപവും ഭാവവും വരുന്നത് അതു കൊണ്ടാണ്. ........"

ഇതിനോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു...

എന്റെ നാട്ടിലുള്ള ആദിവാസികള്‍ ശെരിക്കുള്ള മലയാളം ഉപയോഗിക്കുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്...
അവരുടെ തനതായ വാ മൊഴി ഭാഷ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു...

അധികം താമസിയാതെ അത് പൂര്‍ണ്ണമായും വംശമറ്റു പോകും എന്നതില്‍ സംശയമില്ല...

എന്തിനും രൂപ മാറ്റം വരിക എന്നത് തനിമയിലുള്ള കടന്നു കയറ്റമാണ്...
തനിമ നഷ്ടപ്പെടുക എന്നത് സ്വത്വ നഷ്ടമാണ്...
സ്വത്വ നഷ്ടം വന്ന ഒന്നും നിലനില്‍ക്കാറില്ല
അത് രൂപ മാറ്റം വന്ന് സാവധാനം മറ്റൊന്നായി പരിണമിക്കുകയാണ് ചെയ്യുന്നത്..
അതിനെ മൂല രൂപത്തോട് സാദൃശ്യപ്പെടുത്തുന്നത് തന്നെ അബദ്ധമായിരിക്കും,...

തുറന്ന സമീപനത്തിന് ഹേമേച്ചിക്ക് നിറഞ്ഞ നന്ദി ....

പാറുക്കുട്ടി said...

നല്ല പോസ്റ്റ് സപ്നേച്ചി.

മലയാളി പരഞ്ഞതു തന്നെ എനിക്കും പറയാനുള്ളൂ.

Sapna Anu B.George said...

hAnLLaLaTh, ഹേമ, പാറൂക്കൂട്ടി....എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.ഇവിടെ വന്നു അഭിപ്രായങ്ങള്‍ പറയുന്നതിനൂം, വായനക്കും