11 October 2009

കള കളം കായലോളങള്‍ പാടും കഥകള്‍

കെട്ടുവള്ളത്തില്‍ ഒരു കുട്ടനാടന്‍ യാത്ര. വെള്ളവും മഴയും ,തോടും,നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്,കോട്ടയം.എവിടെ നോക്കിയാലും വയലും പാടവും, ആറും, കായലും. അതിനടുത്തായിത്തന്നെ, കുമരകം.ഈ കായലിലെ കുഞ്ഞോളങ്ങളില്‍ ഇളകിയാടി,പുതിയ സാങ്കേതികളുടെയും, പുരോഗമനാത്മക ചിന്താഗതിയുടെ ഭാഗമായി, കിട്ടിയ ‘ഹൗസ് ബോട്ട്‘ എന്ന ആധുനികതയില്‍ പൊതിഞ്ഞ് ഞാനും കുടുംബവും യത്രയായി. ജീവിതത്തിന്റെ ഒട്ടുകുക്കാല്‍ ഭാഗവും ഈ ഭാഗത്തൊക്കെത്തന്നെയായിരുന്നു എങ്കിലും ഇപ്പൊള്‍ ഏഴുകടലക്കരെ ഗള്‍ഫുനാടുകളില്‍ ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്‍ക്കുവെണ്ടിയുള്ള ഒരു അവധിക്കാല വിരുന്ന്. ആധുനികതയുടെ വേഗതകള്‍ മാത്രം കണ്ടു ജീവിക്കുന്ന കുട്ടികള്‍ക്ക്,ഈ സാധാരണജീവിതങ്ങള്‍ ഒരു ‘അവധിക്കാല വര്‍ക്ക്ഷോപ്പ്‘ എന്നും വിളിക്കാം. കായലിന്റെ ഓളങ്ങളില്‍ ചഞ്ചാടി, ഞങ്ങള്‍ക്കുവേണ്ടി, ഒഴുകിയെത്തിയ, നീലമേഖം എന്ന, കെട്ടുവെള്ളത്തില്‍ ഒരു നാലുമണി നേരത്ത്, ഞങ്ങള്‍ രണ്ടു ദിവസത്തെ യാത്രക്കായി, ഒരുങ്ങിയിറങ്ങീ.




ഒരു ആഴ്ച മുന്‍പ് തീരുമാനിച്ചുറപ്പിച്ച,'മെനു', ആഹാര വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഒരു നീണ്ട നിര,നേരത്തെ പറഞ്ഞിരുന്നു.കെട്ടും പാണ്ടവും ഓരോ മുറികളിലായി, വെച്ച്, ബോട്ടാകെ ഒരു അവലോകനം നടത്തി. കേരളത്തനിമയുള്ള ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളോകൂടിയുള്ള, ഒരു വരാന്ത, അവിടെ ഞങ്ങളേയും കാത്ത്,നല്ല ഏത്തക്കാപ്പവും ചായയും ഇരിപ്പുണ്ടായിരുന്നു,നാലുവശവും തുറന്നു കിടക്കുന്ന ഒരു വരാന്ത,അതിലൂടെ നടക്കുമ്പോള്‍ മൂന്നുവശത്തും പരന്നു കിടക്കുന്ന വെള്ളത്തിന്റെ, പരവതാനി. അങ്ങുദൂരെ കരയുടെ ഓരം ചേര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ , ഒരു കറുത്ത കുറ്റിപുല്ലിന്റെ നീളം മാത്രം തോന്നിക്കുന്നു . ചുവന്നു ചുവന്ന് ഇല്ലാതെയാകാനായി തയ്യാറെടുക്കുന്ന സൂര്യന്‍. ചായകുടി കഴിഞ്ഞപ്പോള്‍ ഏതാണ്ട്, സന്ധ്യയായിത്തുടങ്ങി.


തൃസന്ധ്യ.....



ആരെയും ഒരു വല്ലാത്ത’സെന്റി മൂഡിലേക്കു കൊണ്ടുപോകുന്ന സമയം ആണ്,കാറ്റ്,ശാന്തത, ആകെ ഒരു‘റൊമാന്റിക്ക്സെന്റി’. സന്ധ്യയായിക്കഴിഞ്ഞാല്‍ ബോട്ട് എവിടെയെങ്കിലും കരക്കടുപ്പിച്ച്, കിടക്കും. കരക്കടുപ്പിക്കുന്നതിന് പകരം, കായലിന്റെ ഒത്ത നടുക്ക് നങ്കൂരം ഇടാന്‍ പറഞ്ഞു.പതുക്കെ സൂര്യന്റെ പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്ന്,ഒരു ചുവന്നഗോളം അങ്ങു ചക്രവാളത്തിലേക്കിറങ്ങി.നോക്കിയാല്‍ എത്തപ്പെടാത്തത്ര ദൂരത്തിലാണ് കര.കാറ്റിന്റെ തണുപ്പ് കൂടിക്കൂടി വന്നു,അപ്പോ,ദാ ഒരു ചോദ്യവുമായി ഞങ്ങളുടെ ‘ചീഫ് കുക്ക്’രാത്രീലത്തെ അത്തഴത്തിന് എന്തെങ്കിലും ‘സ്പെഷ്യല്‍ ’മുന്‍കൂറായി ,നമ്മുക്ക് തീരുമാനിച്ചുറപ്പിച്ച ഒരു;മെനു’ ഉള്ളതിനു പുറമെയാണീ ഈ ചോദ്യം!എന്റെ ഡാഡിയോടുള്ള ബോട്ടുടമക്കുള്ള ബഹുമാനത്തിന്റെ ഭാഗമാണോ? അതോ രണ്ടു കുപ്പി ‘സ്കോച്ച്’ മുറിയില്‍ കണ്ടതിന്റെ പ്രതീക്ഷയാണോ, എന്നെനിക്കു തോന്നിപ്പോയി. എന്റെ സ്വന്തം ഭര്‍ത്താവെന്ന ‘നാടന്‍ ചിന്താഗതിക്കരന്റെ’ചോദ്യം? ‘ഒരു കൊഞ്ച് ഉലര്‍ത്തിയത് കിട്ടുമോ?‘ ഒരു റ്റച്ചിങ്ങസ് ആയി! രാത്രിയിലേക്കുള്ള താറാവുകറിയും അപ്പവും’.പോരാത്തതിന്, പിന്നെ ഈ റ്റച്ചിങ്ങ്സും..... നടക്കട്ടെ!


സന്ധ്യക്ക് ഇത്ര ഭംഗിയുണ്ടന്ന്, ഞാന്‍ എന്നൊ മറന്നിരിക്കയായിരുന്നു. എങ്കിലും എത്ര കണ്ടിട്ടും മതിവരാത്ത ഒരു നിറവും,എല്ലാ ചിന്തകളും വിട്ട്, ഈ ഒരു സന്ധ്യ മാത്രം, മനസ്സിലും കണ്ണിലും. അതിമനോഹരമായ ഈ കാഴ്ച്ക കണ്ടിരിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ ഉള്‍പ്രദേശത്തിന്റെ ഒരു ചിത്രം നമുക്കുകാണാം. കെട്ടുവള്ളങ്ങളില്‍ പുല്ലുനിറച്ച്, വീടുകളിലേക്ക് പോകുന്നവര്‍ ‍,അന്നത്തെ അത്താഴത്തിനുള്ള പല വ്യഞ്ചനങ്ങളുടെ ചെറിയ കടലാസു പൊതികള്‍ ,നിറച്ചിരിക്കുന്ന,ചെറിയ വെള്ളുകൊട്ട, പുല്ലും കെട്ടുകളൂടെ മീതെ ഇരിക്കുന്നു.ഒരറ്റത്ത് ഭര്‍ത്താവ് നീണ്ട കഴുക്കോലും കൊണ്ടും, മറ്റേഅറ്റത്ത് തുഴയുമായി ഭാര്യയും തുഴഞ്ഞു പോകുന്നു.ചില വള്ളങ്ങളില്‍ സ്കൂള്‍ യൂണിഫോമിട്ട് ബാഗുകളുമായി,അഛനമ്മമാരുടെ കൂടെ, ഇതേ വള്ളത്തില്‍ വീട്ടിലേക്കു പോകുന്നവരും, ഉണ്ട്. ഞങ്ങളുടെ ബോട്ടിനടുത്തെത്തിയപ്പോള്‍ അവര്‍ ഒന്നു പതുക്കെയാക്കി,യൂണിഫോമിട്ട കുട്ടികളുടെ ചോദ്യം” പേനാ ഉണ്ടെങ്കില്‍ ,തരാമൊ? ഞങ്ങളുടെ ബോട്ടുകാര്‍ എതിര്‍ത്തു ! “സറേ, ഇതിവരുടെ സ്ഥിരം പണിയാ,കൊടുക്കണ്ടാ!“.ഇവിടെ,ഗള്‍ഫില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് “ഒരു പേനതരുമോ?“ എന്നചോദ്യം, ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ നിറഞ്ഞു നിന്നു.ഇവിടെ 2 റിയാലിനു(25 രൂപക്ക്),6 പേനാകിട്ടുമ്പൊള്‍ ,അതും ഓരോ മക്കള്‍ക്കു ഈരണ്ടു പാക്ക്റ്റ്’വാങ്ങി സ്റ്റോക്കുചെയ്യാറുമുണ്ട്! അന്നൊന്നും,ഈ “ഒരു പേനക്ക്’“ ഇത്രകണ്ട് വിലയുണ്ടെന്ന് അറിയില്ലായിരുന്നു.എല്ലാ ബാഗും,പെട്ടിയും,തപ്പി, കയ്യിലുണ്ടായിരുന്ന മുഴുവന്‍ പേനയും പെന്‍സിലും കൊടുത്തു, ആത്മാര്‍ ത്ഥതയുള്ള ഒരു നിറഞ്ഞചിരിയും, കൂടെ;“റ്റാങ്ക്സ്“’.വള്ളം തുഴയുന്ന ആ അമ്മ തോര്‍ത്തു മുണ്ടെടുത്തൊന്നു മുഖം തുടച്ചു,കുറച്ചുദിവസത്തേക്ക് പേനക്കുള്ള കാശ് മാറ്റിവെക്കണ്ടല്ലോ എന്ന തോന്നലാവാം!!!, അവരുടെ മുഖത്തും, നന്ദിയുള്ള ഒരു ചിരിയുടെ മിന്നലാട്ടം.


രാത്രി ഇത്ര സമയം കൊണ്ട് എതാണ്ട് മുഴുവന്‍ തന്നെ ഇരുട്ടായി,ഇതിനിടെ ബോട്ട് ഡ്രൈവര്‍മാരി ലൊരാള്‍, ഇവിടെ അടുത്തുള്ള അയാളുടെ വീട്ടില്‍ കിടന്നിട്ട്,രാവിലെ,5 മണിക്കെത്തി ക്കോളാം എന്ന കരാറില്‍ കരക്കിറങ്ങി.പക്ഷെ കരക്കടുപ്പിച്ചിട്ട വള്ളത്തിലേക്ക് കൊതുകളുടെ സംഗീതാത്മകമായ സഞ്ചാരം തുടങ്ങി,സഞ്ചാരം അല്ല, കടന്നാക്രമണം.ഒരു രണ്ടുവരി നടവരി നടപ്പാത കഴിഞ്ഞാല്‍ പിന്നെ പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ ആണ്, അവിടെ നിന്നു വരുന്ന ഈ കൊതുകളെ തുരത്താന്‍ ,ഒരു ‘മൊസ്ക്കിറ്റോ റിപ്പെല്ലെന്റി’നും കഴിഞ്ഞില്ല. “സാറിനു പേടിയില്ലെങ്കി നമുക്ക് കായലിന്റെ നടുക്കോട്ടു മാറ്റിക്കെട്ടാം, അപ്പൊ ഈ കൊതുകിന്റെ ശല്യം കാണില്ല“,ബോട്ട് ഡ്രൈവര്‍ . ഓ പിന്നെന്താ... അങ്ങോട്ടു മാറ്റിക്കെട്ടിക്കോ എന്റെ ഭര്‍ത്താവിന്റെ വക പൂര്‍ണ്ണസമ്മതം, (പണ്ട് സ്വന്തം വീട്ടില്‍ കൈവീശി അടിച്ചു കൊതുകിനെ കൊന്നതും, ചൊറിഞ്ഞ് ചൊറിഞ്ഞ്,ചോരവന്നതും ഒക്കെ,എന്റെ മോന് ,10 വര്‍ഷത്തെ,ഗള്‍ഫ് ജീവിതം കോണ്ട് മറന്നു,ഉം......) പക്ഷെ ഒന്നുണ്ട്, ഈ പിള്ളാരെ അതു വല്ലാതെ കടിച്ചു കൊല്ലും, ചിക്കന്‍പോക്സ് വന്ന പരുവം ആകും. ബോട്ടുമായി ഞങ്ങള്‍ നടുക്കായലില്‍ നങ്കൂരം ഇട്ടു. നന്നായി ഇരുട്ടിത്തുടങ്ങി. അത്താഴത്തിനുള്ള വട്ടം കൂട്ടല്‍,ഞാനടുക്കളയിലേക്ക് ഒന്നു കയറി.വലിയ കൊഞ്ച് ശട,ശടാന്ന് പൊളിച്ച് ,നാരും കുടലും നീക്കി,ഒന്നു കഴുകി,വാലവെച്ച്,നാരങാ നീരും പുരട്ടി വെച്ചു,നല്ല സ്വയമ്പന്‍ ,മയക്കിയ നാടന്‍ ചട്ടിയില്‍,ഒരു ഉറിയിലാക്കി മാറ്റിവെച്ചു. ‘സ്ഥലപരിമിതികൊണ്ടാ!’, തോമസ്സിന്റെ ഒരു മഞ്ഞച്ചിരി. എന്നാല്‍ , ഈ തൂക്കിയിട്ടിരിക്കുന്ന ഉറികളും, പഴക്കുലകളും മറ്റും,അതിന്റെ സാമീപ്യം,ഒരു ചാരുത, പ്രവാസികളായ, ഞങ്ങളൊക്കെ എത്രമാത്രം “മിസ്സ്“ ചെയ്യുന്നു എന്ന് തോമാച്ചേട്ടന് അറിയുന്നില്ലല്ലോ!! അടുത്ത , അഞ്ചു മിനിട്ടിനുള്ളില്‍, ഒരു ഇടികല്ലില്‍ ,ഫ്രിഡ്ജില് സൂക്ഷിച്ചിരിക്കുന്ന 5,6 കൊച്ചുള്ളിയും,ഒരു കഷണം, ഇഞ്ചിയും,4 കുരുമുളകും ഇട്ട് ചതച്ച്, മറ്റൊരു ചട്ടിയില്‍ ഇട്ടു,കൂടെ ഒരു സ്പൂണ്‍ മല്ലിപ്പൊടി , മുളകുപൊടി, അര റ്റീസ്പൂണ്‍ ഉലുവ,കുറച്ചു മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ,ഉറിയില്‍ വെച്ചിരുന്ന കൊഞ്ചെടുത്ത് ഞെക്കിപ്പിഴിഞ്ഞ് ,ഈ അരപ്പിലേക്കിട്ടു. രണ്ടു കതിര്‍പ്പ് കരിവേപ്പിലയുമിട്ട്, പ്ലസ്റ്റിക് ഗ്ലൌസിട്ട കൈകൊണ്ട് ഇളക്കിച്ചേര്‍ത്തു.അന്നേരം എന്റെ ചോദ്യം” അയ്യൊ ,നാരങാനീരു കഴുകിക്കളയണ്ടേ? വേണ്ട, നാരങ്ങൊ ഒരു ‘റ്റെഡരൈസര്‘(tenderizer) ആണ്.ആ ഇഗ്ലീഷ് വാക്ക് എനിക്ക് എവിടെയോ കൊണ്ടു? ഇദ്ദേഹംവെറും ‘ഹൌസ് ബോട്ട്” കുക്ക് അല്ല!!!,,എന്റെ ചോദ്യത്തിനുമുന്‍പ്, ഇങ്ങോട്ടു മറുപടി വന്നു, ഞാന്‍ സാറിന്റെ സപെഷ്യല്‍ “ ഗെസ്റ്റുകള്‍ വരുംമ്പോള്‍ മത്രമേ, ഇവിടെത്തെ പാചകത്തുനുവരാറുള്ളു. എനിക്ക് കൊച്ചിയിലെ റിസോര്‍ട്ടില്‍ ജോലിയുണ്ട്.ഈ സമയം കൊണ്ട് കൊഞ്ച്, വെന്തു വെള്ളം പറ്റി.പക്ഷെ , കൈയ്യിലെ പ്ലാസ്റ്റിക്ക് ഗ്ലൌസ്സ് കണ്ടപ്പോ എനിക്കും തോന്നിയിരുന്നു“, എന്റെ മറുപടിക്ക് തൊമസിന്റെ പതിവു മഞ്ഞച്ചിരി, കൂടെ”പിന്നെ ഈ ഉപ്പും,നാരങ്ങനീരും ചേര്‍ക്കുമ്പോള്‍ ,കൊഞ്ച് വേവാനുള്ള വെള്ളം ,അതിനിന്നു തന്നെ ഉണ്ടാവും“.10 മിനിട്ടുകൊണ്ട് വെന്ത കൊഞ്ച് , തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ഉലര്‍ത്താന്‍ ഇട്ടുകൊണ്ടായിരുന്നു അടുത്ത വര്‍ത്തമാനം.ഇതിനിടെ ബോട്ടു മുഴുവന്‍ നിറഞ്ഞ മണം ,ബോട്ടിന്റെ അങ്ങേത്തലക്കലിരുന്ന എല്ലാവരുംതെന്നെ,ഇങ്ങെത്തി, ഡ്രൈവറടക്കം. ഇതിനിടെ വെള്ളരിക്കമുറിച്ചു വെച്ചലങ്കരിച്ച നല്ല വെള്ള പിഞ്ഞാണിയില്‍ വിളമ്പീ.ഉഗ്രന്‍!!! ഒരു ഫോട്ടോ എടുക്കാന് പറ്റിയ വിധം സുന്ദരം.കൊഞ്ചിന്റെ പ്ലേറ്റുമായി, ബോട്ടിന്റെ മുവശത്തുള്ള തുറന്ന സ്വീകരണ മുറിയും, ഊണുമേശയും ഉള്ള ഭാഗത്ത്, ഭംഗിയായി കൊണ്ടു വെച്ചു കൂടെ, ആവശ്യത്തിനു സ്പൂണുകളും,കൈതുടക്കാന്‍ റ്റിഷ്യു പേപ്പറും .


രാത്രി അത്താഴത്തിനുള്ള താറാവുകറിയും,അപ്പവും,ഇനി അടുത്തെ, പാചകപരിപാടി.ഇതിനിടെ ദൂരെ, വെറും റാന്തല്വിളക്കുകള്‍ പോലെ എന്തൊ ഒന്നു അങ്ങു നീങ്ങിപ്പോകുന്നു,അടുക്കളയുടെ ഇറയത്തേക്കിറങ്ങി,നോക്കി.’അതു കൊഞ്ചു കുത്തുകാരാണ്, തോമസിന്റെ വിവരണം, വെട്ടുകൊഞ്ച്! വലിയ ‘ലോബ്സ്റ്റര്‍ ’ ആണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കായലിന്റെ അരികിലൂടെ താഴ്ചകുറഞ്ഞ, ചേറുനിറഞ്ഞ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ഈ വലിയ കൊഞ്ചിനെ, കൂര്‍പ്പിച്ച ശൂലം പോലെയുള്ള വടികൊണ്ട് ,കുത്തിപ്പിടിക്കുന്നു.വലിയ ഹോട്ടലുകാര്ക്കോ അല്ലെങ്കി ഇവിടുത്തെ ‘ബോട്ടുകാരുതതന്നെ വാങ്ങിക്കും.നല്ല കൊഞ്ചാണ്, പക്ഷേ അതുപോലെ വിലയും ആണ്. എന്തായാലും, ബോട്ടു ഡ്രൈവര്‍ വിളിച്ചു”പൂ ഹൊയ്‘!!.ചെറിയ കൊതുമ്പുവള്ളക്കാരന്‍, അടുത്തെത്തി, “നാളെ തിരികെപോകുമ്പോ, ഉള്ള കൊഞ്ച് ഇവിടെ തരുമോ?“തലകുലുക്കി സമ്മതിച്ച്,അയാള് വള്ളം തിരിച്ചു,അങ്ങു ദൂരേക്ക്,കുറെ അധികം കൊതുമ്പുവള്ളങ്ങളും, മെഴുകുതിരി വെട്ടം പോലെ കായലരികത്ത്,അവിടവിടെയായി, കണ്ടുതുടങ്ങി. ഇവരെല്ലാം നാളെ ഒരോ ബോട്ടുകാര്ക്കൊ ,അല്ലെങ്കില് ആലപ്പുഴയോ, കോട്ടയത്തോ ഉള്ള, ഹോട്ടലുകാര്ക്കോ,ഈ കൊഞ്ചെല്ലാം വിക്കും” നല്ല വിലയും കിട്ടും സാറെ!! പിന്നെ ഒരാഴ്ചത്തേക്ക്, പണിയെടുക്കില്ല.”വീണ്ടും മനം മയക്കുന്ന താറാവുകറിയുടെ മണം വന്നു തുടങ്ങി,ഞാന്‍ വീണ്ടും അടുക്കളഭാഗത്തേക്ക് നീങ്ങി.




നാടന്‍ മസ്സാലക്ക് ഇത്ര രുചിയും മണവും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി,നാടന്‍ ചാറുകറി, ‘ഇതിലെന്താ മസാല?‘ എന്റെ ചോദ്യത്തിനു പതിവു മറുപടി’ഓ നമ്മുടെ മുളകും മല്ലിപ്പൊടിയും, പിന്നെ ഇതിവിടെ കല്ലില്‍ അരക്കുന്നതാ!,എവിടെ?ഒരു കൈനീളമുള്ള അമ്മിക്കല്ലില്‍ , കെട്ടുവള്ളത്തിനെന്റെ പടിയില്‍ അമ്മിക്കല്ലു വെച്ചരച്ചെടുക്കും. രുചിയുടെ മാലപ്പടക്കം തെന്നെയാണിവിടെ,ഒന്നൊന്നിനു മെച്ചം. താറാവുകറി,നല്ല പാത്രത്തിലേക്കു മാറ്റി അതിനു ഗാര്‍ണിഷ്(അലങ്കാരമായി)കൊച്ചുള്ളിയും കരിവേപ്പിലയും,നല്ല വെളിച്ചെണ്ണയില്‍ കടുകുവറത്തിട്ടു. വെളിച്ചെണ്ണക്കും കരിവേപ്പിലെയുടെയും സുഗന്ധം, എല്ലായിടത്തും പരന്നു.അടുത്ത പടി,ചൂടായിട്ട് ഉണ്ടാക്കുന്ന കള്ളപ്പം.പാലപ്പം,എന്നു വിളിക്കുന്ന ഈ അപ്പത്തിന്റെ മാവടുത്ത് അതിലേക്ക് പച്ച കരിക്കരച്ചു ചേര്‍ത്തു .“ഇത് വരുന്ന ഗെസ്റ്റിന്റെ അഭിരുചിക്കനുസരിച്ചാണ്, മിക്കവരും ചപ്പാത്തിയൊക്കെയെ ചോദിക്കാറുള്ളു“. അപ്പച്ചട്ടി, അടുപ്പിലേക്ക് വെച്ച്,അപ്പം ചൂടു ചൂടായി ഉണ്ടാക്കി. “ചേച്ചി ,ഈ ഭാഗത്തേക്ക്,കിച്ചണില്‍ ആരും തന്നെ വരാറില്ല“, തൊമസിന്റെ പരിഭവം നിറഞ്ഞ വാക്കുകള്‍ . പിന്നെ, വരുന്ന വിരുന്നുകാരോട് അധികം അടുത്തിടപെടരുത് എന്നു, ഞങ്ങള്‍ക്കൊരു താക്കീതും ഉണ്ട്, മാത്രമല്ല എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു എന്നു വരില്ല.”



അത്താഴം



ഞങ്ങളുടെ ഈ ബോട്ടിലെ സന്ധ്യയും,നീങ്ങി രാത്രിയും,പെട്ടെന്നു തന്നെ വന്നോ എന്നൊരു തോന്നല്‍ ! ശബ്ദകോലാഹലങ്ങളുടെ ഒരു ഇല്ലായ്മ ഒരു വല്ലാത്ത നിശബ്ദതയായി നിറഞ്ഞു നിക്കുന്നു.ശബ്ദങ്ങള്‍ നിലച്ച ഒരവസ്ഥ.എവിടെ നോക്കിയാലും ഉദിച്ചുവരുന്ന ചന്ദ്രന്റെ വെള്ളി നിലാവിന്റെ നിറം. അങ്ങു ദൂരെ കര മാത്രം,കറുത്ത ഒരു ചാമ്പല്‍ കൂമ്പാരങ്ങള്‍ പോലെ നീണ്ടു കിടക്കുന്നു.കൊതുമ്പു വള്ളങ്ങള്‍ പോകുമ്പോള്‍ മാത്രം,കുഞ്ഞോളങ്ങലുടെ നേര്‍ത്ത സ്വരം.രാത്രിക്കിത്ര സൌന്ദര്യമോ? പിന്നെ ശബ്ദകോലാഹലങ്ങള്‍ മാത്രം ചേക്കേറുന്ന ഗള്‍ഫ് രാത്രികളെ അപേക്ഷിച്ച് ഇത് മറ്റൊരുസ്വര്‍ഗ്ഗമാണ്. അത്താഴത്തിനുള്ള വട്ടക്കൂട്ടുകള്‍ തുടങ്ങി, പാത്രങ്ങളും റ്റിഷ്യൂ പേപ്പറുകളും മേശയില്‍ നിരന്നു. താറാവുകറിയും പാലപ്പവും,പിന്നെ തോമസിന്റെ സായിപ്പിനെ പറ്റിക്കാനുള്ള ‘കുക്കുമ്പര്‍റ്റൊമാറ്റോ‘സാലഡ്.മിനറല്‍ വാട്ടറും,പിന്നെ ഇളം കരിക്ക് മുറിച്ചതും, ശര്‍ക്കരക്കഷണങ്ങളും ചേര്‍ത്തിളക്കിയ, ഒരു ഉഗ്രന്‍ നാടന്‍ മധുരം.




ഒരു കുശലം



അത്താഴമേശയൊരുക്കിയതിനു ശേഷം, തോമാച്ചേട്ടനും ഞങ്ങടെ ബോട്ടു ഡ്രൈവറും,കുശലം പഞ്ഞിരിക്കാനയി എത്തി. ഒരോ യാത്രക്കരുടെയും സ്വഭാവവ്യത്യാസങ്ങളും, ഭക്ഷണത്തിന്റെ ഓരൊ പ്രത്യേകതകളും, മറ്റും പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ കുറെ ചിരിച്ചു. ഇക്കാലത്ത് ഹൌസ് ബോട്ട് ഒരു ആദായകരമായ ഒരു ബിസ്സിനെസ്സ് ആണ്. ധാരാളം ബോട്ടുകള്‍ ഇപ്പൊ ഇവിടെ പണിതിറക്കുന്നുണ്ട്. സിനിമാക്കരുടെ തന്നെ ഒട്ടേറെ പേരുടെ ബോട്ട്പണി നടന്നുകൊണ്ടിരിക്കുന്നു. ഇരുനിലയില്‍ പണിയുന്ന ബോട്ടുകളാണ് ഇന്നത്തെ ഏറ്റവും പ്രചാരം ഉള്ളത്. രണ്ടാമത്തെ നിലയില്‍ കോണ്ഫ്രന്‍സ് ,പ്രൊജക്ഷന്‍ മുറികള്‍ വരെയുള്ള ബോട്ടുകള്‍ ഉണ്ട്. ഇല വലിയ കംമ്പനികളുടെയും മീറ്റിംഗുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഒട്ടുമിക്കവയും ‘ബുഫേ ലഞ്ച്’‘ സഹിതം ആണ്. ഗൃഹതുരത്വത്തിന്റെ വില,ഒട്ടുമിക്കവാറും മലയാളികള്‍ മനസ്സിലാക്കിത്തുടങ്ങി എന്നതിന്റെ അടയാളമാണ് ,അതുവിറ്റു കാശാക്കാനുള്ള ഒരു സംരംഭമായി ‘ഹൌസ് ബോട്ട്’എന്ന ഈ പുതിയ ആശയത്തിന്റെ വേലിയേറ്റം.ഒട്ടു മിക്കവാറും ബുഫേ ഒരു “കോണ്ടിനെന്റല്‍ “രീതിയിലുള്ള ആഹാരങ്ങളായിരിക്കും എങ്കിലും, തനി നാടന്‍ കേരളത്തനിമയുള്ള‘ബുഫേ‘ ഭക്ഷണ സല്‍ക്കാരരീതികളും ഉണ്ട്.



അതിരാവിലെകാക്കയും കുരുവിയും അരയുന്ന വെള്ളകീറിവരുന്ന ആകാശം.നോക്കെത്താത്ത ദൂരംവരെ പരന്നു കിടക്കുന്ന ചുവന്ന ആകാശം. പതിവിനു വിപരീതമായി എത്ര ശാന്തമായ ഉറക്കം.കുഞ്ഞോളങ്ങളുടെ ചാഞ്ചാട്ടത്തില്‍ ഈ ബോട്ട് എന്ന തൊട്ടിലില്‍ അത്യന്തം ശാന്തമായ അംന്തരീക്ഷത്തില്‍ സുഖസുഷുപ്തിയില്‍ ഉറങ്ങി എഴുനേറ്റതിന്റെ ഉന്മേഷം.എഴുനേലക്കുന്നതിന്റെ മുന്നോടിയായി,നല്ല ചക്കരക്കാപ്പിയുടെ നറുമണം.തോമസിന്റെ പതിവു പല്ലവി.“ ഇന്നത്തെ ആള്‍ക്കാര്‍ക്ക് “ഇന്‍സെന്റ്” മതി എല്ലാം, ചക്കരക്കാപ്പൊയിന്നും ആരും തന്നെ ചോദിക്കാറില്ല” ബോട്ട് വാടകക്ക് എടുക്കുന്നതിനു മുന്‍പ്,നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊടുക്കാം.പിന്നെ മിനക്കേടുകാരണം ആരും തന്ന ഇതൊന്നും മുന്‍കൂട്ടീ യാത്രക്കാരോടു അവതരിപ്പിക്കാറില്ല. രാവിലത്തെ കാപ്പിക്ക്(Breakfast) പുട്ടും പഴവും, താറാവിന്റെ മുട്ട പുഴുങ്ങിയതും. 8 മണിക്കെടുക്കാം. ചമ്പാവരിപ്പുട്ടു നക്കുന്ന തൊമസിന്റെ കൂടെ രാവിലെ തിരിച്ചെത്തിയ ബൊട്ടിന്റെ ഡ്രൈവര്‍ , വള്ളപ്പടിയിരുന്നു പച്ചതേങ്ങ ചിരണ്ടുന്നു. ചുവന്ന നിറത്തിലുള്ള പുട്ടുനുതന്നെ എന്തുനല്ല മണം. ഈസ്റ്റേണ്‍കാരന്റെ പരീക്ഷണാര്‍ത്ഥം ഇറക്കിയ ചമ്പാവരി പുട്ടുപൊടി പാക്കറ്റുകള്‍ ചൂടപ്പം പോലെ ഗള്‍ഫില്‍ വിറ്റു തീരുന്ന കാര്യം ഇവര്‍ക്കറിയില്ലല്ലോ!!. കൂടെ നല്ല കരിക്കിന്‍ വെള്ളവും, നാടന്‍ പഴവും കൂട്ടിയ ഭക്ഷണം കഴിഞ്ഞ് ഏതാണ്ട്, 9 മണിയോടെ ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.



കേരളത്തനിമരാവിലെ മുഹമ്മവഴി ആലപ്പുഴ കടന്ന് വീണ്ടും ആറ്റുതീരത്തെത്തി. അവിടെ ധാരാളം വൈദ്യശാലകളും, തിരുമല്‍വിദക്ദ്ധരും മറ്റൂം നിരനിരയായി കാണാം.എല്ലായിടത്തും തന്നെ തിങ്ങീ വിങ്ങീ വിദേശികളും മറ്റും കാണാം.എല്ലാവിധ സജീകരണങ്ങളോടും കൂടി വൈദ്യശാലകള്‍.വിപുലമായ സജ്ജികരണങ്ങളും, നല്ല വൈദ്യന്മാരും മറ്റും സജ്ജമായവയും, എന്നാല്‍ ചെറിയ രീതിയില്‍ കളിപ്പീരുപ്രസ്ഥാനങ്ങളും ഇല്ലാതെയില്ല.എങ്കിലും തിരുമല്‍ വൈദക്ത്യത്തിനു കുറവില്ല, പരീക്ഷണാര്‍ത്ഥം,തിരുമല്‍ ആവി മരുന്ന് എന്നിവ ചേര്‍ന്ന ,മണിക്കൂര്‍ കണക്കില്‍ ഉള്ള ചികിത്സകളും ലഭ്യമാണ്. എന്നാല്‍ ഇവിടെ താമസിച്ചു ചികിത്സകള്‍ ചെയ്യാനും ഉള്ള സൌകര്യങ്ങളും ഉണ്ട്. കരകൌശലവസ്തുക്കളുടെ ശേഖരം എല്ലാ വൈദ്യശാലകളിലും കാണാം. തടികളില്‍ തീര്‍ത്ത ദൈവവിഗ്രഹങ്ങളടക്കം ,പാത്രം,വിളക്ക്, ഇങ്ങേയറ്റം കസവു നെയ്ത്തറിയില്‍ തീര്‍ത്തവവരെ ലഭ്യമാണ്. കരകൌശലങ്ങള്‍ മാത്രം ഉള്ള കടകളും, ബോട്ടഅടുപ്പിച്ചുകെട്ടാവുന്ന പാകത്തില്‍ തീരത്തു തന്നെയുണ്ട്. കയറുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും ധാരാളമായിത്തന്നെ കാണാം. തിരുമ്മല്‍ കുളി എന്നിവക്കു ശേഷം തിരികെ ബോട്ടില്‍ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി അതും മറുകരവഴി. വീണ്ടും കാണാക്കാഴ്ചകളും,നീലനിരകള്‍ പോലെയുള്ളമറുകരകളും മറ്റും നോക്കി ഇരിക്കാം. കരയോടടുത്തു തുഴഞ്ഞെത്തിയാല്‍ ,കെട്ടുവള്ളം നിറയെ ആറ്റുമണ്ണുമായി തുഴഞ്ഞു നീങ്ങുന്ന വള്ളക്കാര്‍ . ശ്രദ്ധിച്ചു നോക്കിയാല്‍ വള്ളത്തിന്റെ മറ്റെത്തലക്കല്‍ ചെറിയ അടുപ്പില്‍ കഞ്ഞിക്കലത്തിന്റെ തീ പുകയുന്നതും,വള്ളപ്പടിയില്‍ ഇരുന്ന് മീന്‍ മുറിച്ചു കഴുകിയെടുക്കുന്നതും മറ്റും കാണാം.



ആലപ്പുഴയില്‍ നിന്നും കെട്ടുവള്ളം നിറയെ ,ആറ്റുമണലുമായി ദിവസങ്ങള്‍ നീണ്ടയാത്രക്കിടയില്‍, ഭക്ഷണവും മറ്റും സ്വന്താമായിത്തന്നെ ഇവര്‍ പാകം ചെയ്തുകഴിക്കുന്നു . പതിനൊന്നു മണിയോടെ ഞങ്ങള്‍ കുറച്ചുകൂടി ആറ്റുതീരത്തേക്കടുത്തു.നാടന്‍ കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. ബോട്ടുകള്‍ അടുക്കുന്നതു കാണുമ്പോള്‍ത്തന്നെ തോര്‍ത്തുമുണ്ടു ചുഴറ്റിവീശി, “മധുരക്കള്ളേ ,കരിമീന്‍, പോള്ളിച്ചതേ” എന്നുള്ള നീണ്ടവിളികള്‍ കേള്‍ക്കാം. ബോട്ടില്‍ വരുന്നവര്‍ പ്രത്യേകം ചോദിക്കാറുള്ള വിഭവങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ടിവിടെ. അതില്‍ പ്രധാനം, കരിമീന്‍ പൊള്ളിച്ചത്‍,ഞണ്ട് കറി, താറാവ് വറുത്തത് എന്നിവയാണ് , പിന്നെ മധുരക്കള്ളും. ചെറിയ കുടത്തില്‍ വിളമ്പുന്ന നാടന്‍ കള്ളിന് ,ചെറിയ പുളിപ്പും മധുരവും കലര്‍ന്ന രുചിയാണ്. പണ്ടു കാലത്തെ ചെറിയ ഓലക്കൂടുകള്‍ പോലെയുള്ള കള്ളുഷാപ്പുകളുടെ സ്ഥാനത്ത്, വൃത്തിയും വെടിപ്പും ഉള്ള, ചെറിയ ഊട്ടുപുരകള്‍ ഉണ്ട്. ആവശ്യാനുസരണം ചെറിയ വാഷ്ബേസിനുകളും മറ്റും ഉള്ള വെടിപ്പുള്ള തുറസായ മുറികള്‍ . എന്നിരുന്നാലും ആറ്റുതീരങ്ങളില്‍ ഉള്ള ഈ കള്ളുഷാപ്പുകള്‍ക്ക്, അതിന്റെ തനതായ ശൈലിയില്‍ തന്നെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കള്ളുകുടിക്കനായി ചെടിയ കൊതുമ്പുവള്ളങ്ങളില്‍ എത്തുന്ന കൈലിയുടുത്ത പണിക്കാരും ,വള്ളക്കാരും, പാടം പണിക്കാരും മറ്റും ആണ് ധാരാളമായുള്ളത്. അതിനിടയില്‍ ഒരു കെട്ടുവള്ളം അടുക്കുന്നത് കടലിലെ ചാകരക്കു സമമാണ്. നേരത്തെ കേട്ട, കരിമീനെ ,കൊഞ്ച് താറാവ് എന്നുള്ള നിലവിളി ഇതിന്റെ ഭാഗമാണ്. ഈ കറികളൊന്നും തന്നെ ഒരു 5 സ്റ്റാര്‍ ഹോട്ടല്‍ സ്റ്റൈലില്‍ നിരത്തുന്നവയല്ല, എങ്കിലും ഇവിയുടെ സ്വാദ് ഏതൊരു 7സ്റ്റാര്‍ ഹോട്ടലിന്റെയും വെല്ലുന്നവയാണ്. കരക്കടുക്കുന്ന ഓരോ ചെറുവള്ളക്കാരും ഒരു കുപ്പിക്കള്ളിന്റെ കൂടെ വീടുകളിലേക്ക് വാങ്ങിപ്പോകുന്ന, കപ്പയും മീന്‍ കറിയും, പിന്നെ ഷാപ്പിലേക്ക് കയറുന്നതിനു മുന്‍പ് ഒരു കണ്ണ് നോട്ടം ഇന്നത്തെ സ്പെഷ്യലിലേക്കും ആയി, എന്നിട്ട് നീട്ടിയ ചോദ്യം ‘ഒരു പാര്‍സലും കൂടി‘ എന്നും.ഇതിനിടെ ഞങ്ങളുടെ 3 കുടം കള്ളും കക്ക ഇറച്ചി ഉലര്‍ത്തുമായി, ഞങ്ങള്‍ വീണ്ടും ബോട്ടിലേക്ക്.


വിടവാങ്ങല്‍ ....



മധുരക്കള്ളിന്റെയും കക്കാഇറച്ചിയുടെയും സ്വാദില്‍ വീണ്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉച്ചയൂണിന്റെ തിരക്കുകള്‍ തുടങ്ങി എന്ന്, മസാലകളുടെ നറുമണത്തില്‍ നിന്നു മനസ്സിലായി. വാലു മുറിക്കാതെ നീളത്തില്‍ തന്നെ ചട്ടിയില്‍ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന 5 കഷണം കരിമീന്‍. പിന്നെ ചാര്‍പ്പായിക്കു നേരെ ചാരി വെച്ചിരിക്കുന്ന 3 വലിയ വാഴയില. കരിമീന്‍ പൊള്ളിക്കാനാണോ?എന്റെ അന്തം വിട്ട ചോദ്യത്തിനു,തൊമാച്ചേട്ടന്റെ പ്രവുഠഗംഭീരമായ ചിരി, ’ഇതെനിക്കു മാത്രമെ കഴുയൂ’ എന്നൊരു ധ്വനിയുള്ള ചിരി. പതിവു പടി ,കരിമീന്‍ കഷണങ്ങളില്‍ നാരങ്ങാനീരു പുരട്ടി വെച്ചു. പിന്നെ മസാലയുടെ പട്ടിക, 10 വറ്റല്‍മുളകും, 5 കഷണം വെളുത്തിള്ളിയും, 1/2 ഇഞ്ച് നീളത്തില്‍ ഇഞ്ചിയും, 2 വലിയസ്പൂണ്‍ മുളകുപൊടിയും , 15 കൊച്ചുള്ളിയും,1/2 സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരിറ്റു ഉലുവപൊടിയും, രണ്ടുതരി കടുകുമണിയും,ഉപ്പും ഒരു പാത്രത്തില്‍ ആക്കി അമ്മിക്കല്ലില്‍ അരക്കാന്‍ കൊടുത്തു. തരുതരുപ്പു വന്ന പരുവത്തില്‍ അതിലേക്ക്, നല്ല ഒരു പിടി കരിവേപ്പിലയും ചേര്‍ത്തിളക്കി. വരഞ്ഞ കരിമീനിലേക്ക് ഈ അരപ്പു പുരട്ടി ചട്ടിയിലെ ഉറിയിലേക്കു മാറ്റി. 10 കൊച്ചുള്ളി ചെറുതായരിഞ്ഞു, കുറച്ചു, ഇഞ്ചി നീളത്തില്‍ അരിഞ്ഞു,,കൂടെ 4 പച്ചമുളകു കീറിയതും കരിവേപ്പിലയും. എണ്ണയില്‍ ഇതെല്ലാം വഴറ്റി, ഒരു നുള്ളു ഉപ്പും മുളകുപൊടിയും ചേര്‍ത്തു വെച്ചു. പരന്ന ഒരു ചീനച്ചട്ടിയില്‍ കരിമീന്‍ 3/4 ഭാഗം വറുത്തു . വാഴയിലയില്‍ അല്‍പ്പം മസാല നിരത്തി അതിലേക്ക് മീനും വെച്ച് വാഴനാരുകൊണ്ട് കുറുകെ കെട്ടി. മറ്റൊരു ചീനച്ചട്ടിയില്‍ വെച്ച് രണ്ടു വശവും പൊള്ളിച്ചെടുത്തു. മണ്‍ചട്ടി പോലത്തെ പരന്ന പാത്രത്തിലേക്ക് ഓരൊരുത്തര്‍ക്കായി മാറ്റി. കൂടെ കുക്കുമ്പറും റ്റുമാറ്റോയും വെച്ചലങ്കരിച്ചു. കുത്തരിച്ചോറിന്റെ കൂടെ ഒരു തോരനും,പച്ചമൊരും, പരിപ്പുകറിയും,കൂടെ നാടന്‍ പപ്പടവും. കള്ളുഷാപ്പില്‍ നിന്നും കൂടെ കൊണ്ടുവന്ന കപ്പയും മീന്‍ കറിയും തീര്‍ന്നതിന്റെ പുറകെ ഈ കരിമീന്‍ പൊള്ളിച്ചതും കൂട്ടിയുള്ള ഊണ്.


ഏതാണ്ട് രണ്ടരമണിയോടെ ഞങ്ങള്‍ ബോട്ടില്‍ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഈ ഓളങ്ങളുടെ തരാട്ടില്‍ , ഇളംകാറ്റിന്റെ തെന്നലില്‍ ജീവിതവു, ദിവസവും, സമയവും തെന്നിനീങ്ങി, സുഖസുഷുപ്തിയില്‍.എന്തൊ കൈവിട്ടു പോകുന്നപോലെ.വീണ്ടും തിരക്കുപിടിച്ച,പൊടിപടലങ്ങളുടെയും, ട്രാഫിക് ജാമിന്റെ ഇടയിലിലുള്ള,തിരക്കുപിടിച്ച യാന്ത്രിക ജീവിതം.നഷ്ടങ്ങളുടെ കൂമ്പാരങ്ങ ള്‍ക്കിടയില്‍ തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതത്തിലേക്ക്, നിവര്‍ത്തികേടിന്റെ പര്യായമായ ജീവിതം. എങ്കിലും ഈ അവധി ദിവസങ്ങള്‍ എന്നെഞ്ഞും ജീവിതത്തില്‍ മറയാതെ മായതെ നില്‍ക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

21 comments:

Nima said...

Sapna...thank you for sharing this...i felt like being in the boat with you...

Ambilikuttan said...

A commentary with an obvious touch of belongingness.Enkindles the culinary senses in a sincere manner.Thank you very much.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ...ഒരു ഹൌസ് ബോട്ടിൽ അനുവിന്റെ കൂടെ യാത്ര ചെയ്ത പ്രതീതി..ആ കൊഞ്ചുകറിയും താറാവു കറിയും മറക്കാൻ പറ്റുന്നില്ല.

ഹും..ഹും..നല്ല വിവരണം..

“റൊമാന്റിക് സെന്റി”യുടെ ത്രിസന്ധ്യ നന്നായി..

ആശംസകൾ...!

( നമ്മൾ കോട്ടയം കാർക്കും നാടൻ കറി കഴിക്കാൻ കെട്ടുവള്ളത്തിൽ പോകണം അല്ലേ?)

Sapna Anu B.George said...

Thanks Nima for your good words, Ambilikuttan,we belong to kerala and thats what we are.Thanks for you good words too

ശ്രീ said...

ഇതു വരെ ഹൌസ് ബോട്ടില്‍ ഒരു സവാരി നടത്താന്‍ പറ്റിയിരുന്നില്ല. അടുത്തിടെ ഒരു സുഹൃത്ത് സവാരി കഴിഞ്ഞെത്തിയ വിവരങ്ങള്‍ പറഞ്ഞ് കൊതിപ്പിച്ചിരുന്നു.

ഇതും കൂടി വായിച്ചപ്പോള്‍... എന്തായാലും ഒരു ദിവസം കൂട്ടുകാരെയെല്ലാം കൂട്ടി ഒന്ന് പോകണം.

വിവരണം നന്നായി, ചേച്ചീ.

Sapna Anu B.George said...

നന്ദി ശ്രീ,ഇതൊരു സുന്ദരമായ അനുഭവം തന്നെയാണ്, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഏന്തോ ശാന്തത നമ്മുടെ കൂടെയെത്തും.പിന്നെ അടുത്തറിയുന്ന കൂട്ടുകാരും കൂടെയുണ്ടെങ്കിൽ ഒരു നല്ല ഓർമ്മയായി നിൽക്കും എന്നെന്നും മനസ്സിൽ.....

Anil cheleri kumaran said...

ഞാനും ഒരിക്കല്‍ പോയിട്ടുണ്ട്. ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണത്. ഈ പോസ്റ്റ് അതിലെ പോയ ഒരു പ്രതീതി പകര്‍ന്നിരിക്കുന്നുണ്ട്. ആ കുട്ടികള്‍ക്ക് പെന്‍ കൊടുത്തത് വളരെ നന്നായി. പാവം കുട്ടികള്‍.

മനോഹരമായ പോസ്റ്റ്. ആശംസകള്‍.

Sapna Anu B.George said...

Thanks Kumar, for a great comment

ഗിരീഷ്‌ എ എസ്‌ said...

ഒരിക്കല്‍ പോയിട്ടുണ്ട്‌.
പക്ഷേ വേണ്ടവിധം
അസ്വദിക്കാനായില്ല.
പരീക്ഷച്ചൂടായിരുന്നു...

ആശംസകള്‍

Sapna Anu B.George said...

ഗിരീഷ്....വായനക്കും അഭിപ്രായത്തിനും നന്ദി

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രുചികളും മണങ്ങളും നിറങ്ങളും നിഴലും നിലാവും വെയിലും അന്തിയും പുലരിയും ലഹരിയും നിറഞ്ഞ ഈ വിവരണം ഹൃദ്യമായ ഒരനുഭവമായി.

Sapna Anu B.George said...

ബാലേട്ടാ..വാക്കുകൾ ചില അക്ഷരങ്ങൾ മാത്രം,എന്നാൽ
അതു സ്നേഹതുല്യരായ വ്യക്തികളിൽ നിന്നാവുമ്പോൾ സ്നേഹത്തിന്റെയും അറിവിന്റെയും നിറകുടങ്ങളാകുന്നു.ഈ ദീപാവലി എന്നെന്നും ഓർക്കാൻ ഈ വാക്കുകളുടെ ദീപനാളങ്ങൾക്കായി നന്ദി.

Yatheesh Kurup said...

njanun houseboat yathra nadathiyittundu. pakshe ithupole oru yathra.... oru dream anu. muzhuvan vayichu kazhinjappol entho njanum avarude koode undayirunnu ennoru thonnal.... valare nandi ithupole oru blog njangalkku sammanichathinu..

thrumylense said...

ചേച്ചി,
നമ്മൾ മലയളികൾക്കു ദൈവം സമ്മനിച്ച ഇത്ര സുന്ധരമായ നടു ഉപേഷിച്ച്, നമ്മൾ ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ എങോദൂരത്തു തിളങുന്ന സഒഭഗ്യത്തിനുവേണ്ടി കഷ്ടപെടുന്നു,
പക്ഷെ നമ്മൾ പലറ്ക്കും മനസിലായിട്ടും മനസിലകാത്തപോലെ, വീണുകിട്ടുന്ന സുന്ധരമായ ഒരു അവുധികാലം ഇത്രമനൊഹരമായി പങ്കുവെച്ഛതിനു ഒരയിരം നന്നി...

Thrulense

Yatheesh Kurup said...

തീര്‍ച്ചയായിട്ടും എന്റെ അടുത്ത ലീവ് ഞാന്‍ ആഘോഷിക്കുന്നത് ഇതുപോലെ ആയിരിക്കും. സത്യം പറയാം, കായലിനോട് ഇത്ര അടുത്ത് കിടന്നിട്ടും ഇതുപോലെ ഒരു അനുഭവം ഇതുവരെ കിട്ടിയിട്ടില്ല. യാത്ര ചെയ്യാതെ തന്നെ യാത്ര ചെയ്ത അനുഭവം. വായിച്ചിട്ടും വായിച്ചിട്ടും മതിവരുന്നില്ല.

Sapna Anu B.George said...

thrumylence....മരുഭൂമിയിൽ വന്നു ജീവിക്കണം എന്നുള്ളതു വിധി,അതിനു നമ്മുക്കൊന്നും ചെയ്യാൻ കഴിയില്ല,നാട്ടിലെ കായലും കരയും അവധിക്കു ചെല്ലുമ്പോൾ മറക്കാതെ ആസ്വദിക്കുക,അതു സ്വന്തം ഇഷ്ടം,അഭിപ്രായത്തിനു നന്ദി.യതീഷ്.....നീ മലയാളം റ്റൈപ്പ് ചെയ്യാൻ പഠിച്ചോ?? നല്ല കാര്യം. അഭിപ്രാ‍യത്തിനു വളരെ നന്ദി

Yatheesh Kurup said...

ഹാ ഹാ. ഞാന്‍ ഈ ബ്ലോഗില്‍ കയറി കഴിഞാണ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത്. അതിനും കൂടെ നന്ദി.

Sapna Anu B.George said...

യതീഷെ....ഇത്ര പെട്ടെന്ന് മലയാളം ടൈപ്പ് ചെയ്യാൽ പഠിച്ചോ??? മലയാളം അറിയാത്തവൻ പറയാത്തവൻ തൃണം തന്നെ ഇന്നും.

Mahesh Cheruthana/മഹി said...

സപ്നേച്ചി,
മനോഹരമായ വിവരണം!
പക്ഷേ എനിക്കു മറക്കാനാവാത്ത ഒരു ഹൌസ് ബോട്ടൂ യാത്രയില്‍ എന്റെ മൊബൈല്‍ ഫോണ്‍ ബോട്ടില്‍ നിന്നു മോഷണം പോയി,ആ ട്രിപ് കുളമായി!

Yatheesh Kurup said...

സത്യം തന്നെ ചേച്ചി, മലയാളി ആയിട്ടും മലയാളം എഴുതാനും, വായിക്കാനും അറിയാത്തവരെ കാണുമ്പോള്‍ പുച്ഛം തോന്നാറുണ്ട്. കുര്രച്ചു കുര്രച്ചു മേലയാളം അര്രിയം എന്ന് പറയുന്നവര്‍ കൂടി വരികയാണ്‌ കേരളത്തില്‍. ഇതിനു ഒരു അറുതി വരണം.

ജെ പി വെട്ടിയാട്ടില്‍ said...

ഇത് വഴി വന്നിട്ട് ഒരു പാട് നാളായി.
വീണ്ടും വരാം.